Thiruvananthapuram Medical College| തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

Jaihind News Bureau
Wednesday, September 3, 2025

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ഗുരുതര ആരോപണം. കണ്ണൂര്‍ സ്വദേശിയായ ശ്രീഹരി (53) ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ശ്രീഹരിയെ ജീവനക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും തറയില്‍ കിടത്തുകയായിരുന്നുവെന്നുമാണ് സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ ശ്രീഹരിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ചികിത്സാ പിഴവാണ് മരണകാരണമായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.