പത്തനംതിട്ടയില്‍ ഓക്സിജന്‍ കിട്ടാതെ ആരോഗ്യവകുപ്പിന്‍റെ ആംബുലന്‍സില്‍ രോഗി മരിച്ചു; അനാസ്ഥക്കെതിരെ പരാതി

Jaihind Webdesk
Monday, August 15, 2022

 

പത്തനംതിട്ട: തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെ ആരോഗ്യ വകുപ്പിന്‍റെ ആംബുലൻസിൽ രോഗി മരിച്ചു. തിരുവല്ല പടിഞ്ഞാറേ വെൺപാല പുത്തൻതുണ്ടിയിൽ വീട്ടിൽ രാജൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. ശ്വാസംമുട്ടൽ അനുഭവപ്പെട്ട രാജനെ രാത്രി പതിനൊന്നരയോടെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ഡ്യൂട്ടി ഡോക്ടർ രാജനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി സിലിണ്ടർ കാലിയായതിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ വന്ന് മരിക്കുകയായിരുന്നു.

വാഹനം പുറപ്പെട്ട് പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ തന്നെ ഓക്സിജൻ മാസ്ക് ഘടിപ്പിച്ചിരുന്ന രാജന് ശ്വാസ തടസം അനുഭവപ്പെട്ടു. ശ്വാസം മുട്ടുന്നതായും ഓക്സിജൻ ലഭിക്കുന്നില്ലെന്നും രാജൻ ഒപ്പമുണ്ടായിരുന്ന മകൻ ഗിരീഷിനോട് പറഞ്ഞു. ഈ വിവരം ആംബുലൻസ് ഡ്രൈവറെ അറിയിച്ചെങ്കിലും വാഹനം നിർത്താൻ ഇയാൾ തയാറായില്ല. തകഴിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വാഹനം നിർത്താൻ കൂട്ടാക്കിയില്ല. മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ പുളിക്കീഴ് പോലീസിൽ പരാതി നൽകി. ആംബുലൻസ് പുറപ്പെടുന്നതിന് മുമ്പ് വാഹനത്തിലുണ്ടായിരുന്ന സിലിണ്ടർ മാറ്റിവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും ഇതിൽ ദുരൂഹതയുള്ളതായും ബന്ധുക്കൾ പറഞ്ഞു. ഓക്സിജൻ ലഭിക്കാതെയുള്ള മരണമെന്നാണ് മെഡിക്കൽ കോളേജിലെ റിപ്പോർട്ടിലുള്ളത്.