ഡോക്ടറെ ആക്രമിച്ച് രോഗി; സംഭവം എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിൽ

Jaihind Webdesk
Tuesday, May 16, 2023

 

കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിൽ ഡോക്ടര്‍ക്കു നേരെ ആക്രമണം. ചികിത്സയ്ക്കെത്തിച്ച രോഗിയാണ് ഡോക്ടറെ ആക്രമിച്ചത്. പ്രതി ഡോയലിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.  അപകടത്തില്‍ പരിക്കേറ്റെത്തിയ യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും അങ്ങനെ അപകടമുണ്ടായി ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.

മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. ഡോക്ടറെ കയ്യേറ്റം ചെയ്ത ഇടപ്പള്ളി വട്ടക്കുന്ന് സ്വദേശിയായ ഡോയലിനെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആക്രമണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.