പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു ( 27 ), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മകള്‍ ആരുഷ്മ (10) എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. വാക്കേറ്റത്തിന് പിന്നാലെയാണ് അഞ്ജുവിനെ രൂപേഷ് വാക്കത്തികൊണ്ട് വെട്ടിയത്. അഞ്ജുവിന് തലയ്ക്ക് പിന്നില്‍ പരിക്കേറ്റു. മകള്‍ക്ക് കണ്ണിനാണ് പരിക്കേറ്റത്. അഞ്ജുവിന്റെയും മകളുടെയും നിലവിളി ശബ്ദം കേട്ട് അയല്‍വാസികള്‍ വന്നുനോക്കുകയായിരുന്നു. അപ്പോഴാണ് അടുക്കള ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ടത്.
വീടിന് തീപ്പിടിച്ചതാണെന്നാണ് അയല്‍വാസികള്‍ ആദ്യം കരുതിയത്. ഉടനെ തീ അണയ്ക്കാന്‍ ശ്രമിച്ചു. ഫയര്‍ഫോഴ്സിനെയും വിളിച്ചു. പിന്നാലെയാണ് രൂപേഷ് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് വ്യക്തമായത്. ഉടനെ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വെട്ടേറ്റ അഞ്ജുവും മകളും അപകടനില തരണം ചെയ്തെന്ന് പോലീസ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറാണ് രൂപേഷ്. പത്തനാപുരം നടുകുന്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.