പത്തനംതിട്ട: കായികതാരമായ പെണ്‍കുട്ടിയെ ക്രൂര ബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാര്‍ പറഞ്ഞു. കേസില്‍ മുഴുവന്‍ 58 പ്രതികളാണുള്ളത്. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 43 ആയി. പ്രതികളില്‍ ഒരാള്‍ വിദേശത്താണെന്നും ഇയാളെ ഉടന്‍ തന്നെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള വഴിയൊരുക്കുമെന്നും എസ്.പി പറഞ്ഞു. ഇനിയും കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. കൂടാതെ കസ്റ്റഡിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും അറിയിച്ചു. കേസില്‍ ആകെ 29 എഫ്.ഐ.ആറുകളാണ് ഉള്ളത്.
വളരെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ദുരവസ്ഥ മനസ്സിലാക്കി ഉടന്‍ തന്നെ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് സുരക്ഷ ഉറപ്പാക്കാണമെന്നും ഇവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു.