പത്തനംതിട്ട പുല്ലാട് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പുല്ലാട് സ്വദേശി ശ്യാമയാണ് മരിച്ചത്. ശ്യാമയുടെ അച്ഛന്‍ ശശിക്കും ശശിയുടെ സഹോദരി രാധാമണിക്കും കുത്തേറ്റു. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതി അജികുമാര്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
പത്തനംതിട്ട കവിയൂര്‍ സ്വദേശിയായ അജി പുല്ലാട് അഞ്ചക്കാലായിലുള്ള ഭാര്യ ശ്യാമയുടെ വീട്ടിലാണ് താമസം. വാക്ക് തര്‍ക്കത്തില്‍ തുടങ്ങിയ കലഹം ശ്യാമയെ ആക്രമിക്കുന്നതില്‍ കലാശിക്കുകയായിരുന്നു. പിടിച്ചുമാറ്റാന്‍ എത്തിയ ശ്യാമയുടെ അച്ഛന്‍ ശശിയെയും അച്ഛന്റെ സഹോദരി രാധാമണിയെയും അജി കുത്തി വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്യാമയുടെ ജീവന്‍ രക്ഷിക്കാനായില്ല. വയറ്റില്‍ ആഴത്തില്‍ മുറിവേറ്റ ശ്യാമ അര്‍ദ്ധരാത്രിയോടെ മരിച്ചു. ശശിയും രാധാമണിയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
നേരത്തെ കോയിപ്രം പോലീസ് സ്റ്റേഷനില്‍ കുടുംബ കലഹവുമായി ബന്ധപ്പെട്ട് അജിക്കെതിരെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. വീട്ടില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാരും പറയുന്നു. മൂവരെയും കുത്തിയശേഷം പ്രതി അജി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. വീടിനു പിന്നിലെ റബ്ബര്‍ തോട്ടത്തിലേക്ക് കടന്നുവെന്നാണ് പോലീസ് നിഗമനം. നാട്ടുകാരും പോലീസും ചേര്‍ന്ന് ഇന്നലെ രാത്രി ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും അജിയെ കണ്ടെത്താനായില്ല. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി കോയിപ്രം പോലീസ് അറിയിച്ചു.