കനത്ത മഴ, പ്രളയഭീതിയില്‍ പത്തനംതിട്ട: നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു; കർശന ജാഗ്രതാ നിർദേശം

Jaihind Webdesk
Thursday, August 4, 2022

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പ്രളയ ഭീതിയിൽ പത്തനംതിട്ട. പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു. റാന്നി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ജില്ലാ ഭരണകൂടം കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

കിഴക്കൻ മലയോര മേഖലകളിലും വനപ്രദേശങ്ങളിലും മഴ ശക്തമായതോടെയാണ് പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയത്. റാന്നി, കോന്നി, തിരുവല്ല, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത്. 36 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 713 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. സീതത്തോട് മുണ്ടൻപാറയിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റവന്യു – ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സുരക്ഷാനടപടികൾ കർശനമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിൽ മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്തു. പമ്പയാറ്റിലൂടെ ഒഴുകി വന്ന കൂറ്റൻ തടിയിൽ കയറി അഭ്യാസ പ്രകടനങ്ങൾ നടത്തിയ കോട്ടമൺ പാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർക്കെതിരെയാണ് ദുരന്ത നിവാരണ നിയമപ്രകാരം കേസ് എടുത്തത്.

പമ്പ, മണിമലയാർ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയാണ്. ഇതേത്തുടർന്ന് ആറന്മുള വള്ളസദ്യയടക്കമുള്ള ചടങ്ങുകൾ കർശന നിയന്ത്രണങ്ങളോടെയാണ് നടത്തുന്നത്. തിരുവല്ല, അപ്പർ കുട്ടനാടൻ മേഖലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നാനൂറിലേറെപ്പേരെയാണ് മാറ്റിത്താമസിച്ചിരിക്കുന്നത്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമലയിലടക്കം കർശന ജാഗ്രത പാലിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.