യുവാക്കളെ അതിക്രൂരമായി മര്‍ദിക്കുകയും പണം കവരുകയും ചെയ്ത ദമ്പതികള്‍ ആറന്മുള പോലീസിന്റെ പിടിയിലായി. തെളിവെടുപ്പിന് ശേഷം പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൊട്ടാരക്കര സബ് ജയിലേക്കാണ് ജയേഷിനേയും രശ്മിയേയും കൊണ്ടുപോയത്.
രണ്ട് യുവാക്കളെ നിഷ്ഠൂരമായി ഉപദ്രവിച്ച കോയിപ്പുറം കുറവന്‍കുഴി മലയില്‍ വീട്ടില്‍ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്. 5ന് രാത്രി 8 മണിയോടെ റാന്നി സ്വദേശിയായ യുവാവിനെ പ്രതികളുടെ വീട്ടില്‍ വച്ച് പൈപ്പ് റേഞ്ച് കൊണ്ട് അടിച്ചും ജനനേന്ദ്രിയത്തിലും ശരീരഭാഗങ്ങളിലും മറ്റും സ്റ്റാപ്ലര്‍ പിന്‍ അടിച്ചും നഖങ്ങള്‍ക്കിടയല്‍ മൊട്ടുസൂചി കയറ്റിയും മറ്റും അതിക്രൂരമായ ദേഹോപദ്രവത്തിന് വിധേയനാക്കി. റാന്നി സ്വദേശി ദേഹോപദ്രവത്തില്‍ പരിക്കുപറ്റി വിശ്രമത്തില്‍ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറന്മുള എസ് ഐ വിഷ്ണു മൊഴി രേഖപ്പെടുത്തകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനും പ്രതിശ്രുതവരനും മറ്റും ചേര്‍ന്ന് തന്നെ ദേഹോപദ്രവം ഏല്‍പിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും യുവാവ് പറഞ്ഞ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ പോലീസ് പരാതിക്കാരനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മറ്റു മാര്‍ഗങ്ങളില്ലാതെ യുവാവ് സത്യം വെളിപ്പെടുത്തുകയും വിശദവും സമഗ്രവുമായ അന്വേഷണത്തില്‍ യുവാവ് പ്രതികളുടെ വധഭീഷണി ഭയന്നാണ് കളവായി പോലീസിന് മൊഴി നല്‍കിയതെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രതികളെയും സംഭവത്തെപ്പറ്റിയും കൂടുതല്‍ അന്വേഷണം നടത്തിയ പോലീസ് ജയേഷിനെയും രശ്മിയെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി.
കേസില്‍ അന്വേഷണം നടത്തി വരവേ 12ന് പ്രതികളെ കോയിപ്പുറം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുറവന്‍കുഴിയിലുള്ള വീട്ടുപരിസരത്ത് നിന്നും പിടികൂടുകയും സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിയ പോലീസിന്റെ ചോദ്യം ചെയ്യലില്‍ 19കാരനായ ആലപ്പുഴ സ്വദേശിയെയും ദേഹോപദ്രവം ഏല്പിച്ചതായി പ്രതികള്‍ സമ്മതിക്കുകയുണ്ടായി. തുടര്‍ന്ന് ഇയാളുടെ മൊഴി എസ് ഐ വിഷ്ണു രേഖപ്പെടുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ മാസം1ന് ഉച്ചയോടെ യുവാവിനെ കോഴഞ്ചേരി മാരാമണില്‍ നിന്നും വീട്ടിലെത്തിച്ച ജയേഷ് ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും കമ്പിവടി കൊണ്ട് അടിയ്ക്കുകയും നാഭിയില്‍ പെപ്പര്‍ സ്‌പ്രേ അടിയ്ക്കുകയും കൈകൂട്ടി കെട്ടി വീടിന്റെ കഴുക്കോലില്‍ കെട്ടിത്തൂക്കുകയും സൈക്കിള്‍ ചെയിന്‍ കൊണ്ട് ഇടിയ്ക്കുകയും ചെയ്യുകയും പഴ്‌സില്‍ നിന്ന് 20000 രൂപ ബലമായി എടുക്കുകയും ചെയ്തു. തുടര്‍ന്ന് വണ്ടിക്കൂലിക്ക് എന്നുപറഞ്ഞ് 1000 രൂപ തിരികെ കൊടുക്കുകയും ബൈക്കില്‍ കയറ്റി റാന്നിയില്‍ ഇറക്കിവിടുകയുമായിരുന്നു. യുവാക്കളും ജയേഷും ബാംഗ്ലൂരില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. പോലീസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദേശപ്രകാരം തെളിവെടുപ്പിനുശേഷം പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കി14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൊട്ടാരക്കര സബ് ജയിലേക്ക് രണ്ടുപേരേയും കൊണ്ടുപോയി കേസിനാസ്പദമായ രണ്ട് സംഭവങ്ങളും ഉണ്ടായിട്ടുള്ളത് കോയിപ്രം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലായതിനാല്‍ രണ്ട് കേസുകളുടെയും തുടര്‍ന്നുള്ള അന്വേഷണം കോയിപ്രം പോലീസിന് കൈമാറും. കേസുകളിലെ സമഗ്രമായ അന്വേഷണത്തിനായി തിരുവല്ല ഡി വൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചാണ് തുടര്‍ അന്വേഷണം.