പത്തനംതിട്ടയിലെ വയോധികന്‍റെ മരണം കൊലപാതകം; ഒൻപത് പവന്‍റെ മാല കാണാനില്ല, സ്ഥിരീകരിച്ച് പോലീസ്

Jaihind Webdesk
Sunday, December 31, 2023

പത്തനംതിട്ട: മൈലപ്രയിലെ വയോധികന്‍റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മോഷണത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും കണ്ടെടുത്തു.

ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. മോഷണത്തിനിടെയുള്ള കൊലപാതകമെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങളാണ് മൃതദേഹത്തിലുള്ളത്. സിസിടിവിയുടെ ഹാർഡ് ഡിക്സ് കാണാനില്ല.

വ്യാപാരിയായ ജോർജ്ജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ പ്രതികളെത്തി. റോഡരികിലുള്ള കടയിൽ നിന്ന് ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി, വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. പുനലൂർ – മൂവാറ്റുപുഴ റോഡിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. നിലവിൽ തെളിവുകളൊന്നും തന്നെയില്ല.