ശബരിമല വിമാനത്താവളം: സര്‍ക്കാര്‍ ഭൂമി പണം കെട്ടിവച്ച് വീണ്ടും ഏറ്റെടുക്കുന്നത് വിചിത്രം; പിന്നില്‍ വന്‍ അഴിമതിയും രാഷ്ട്രീയ ഗൂഢാലോചനയുമെന്ന് വി.എം സുധീരന്‍

Jaihind News Bureau
Tuesday, June 23, 2020

VM-Sudheeran-Nov30

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിയ്ക്കായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റേതെന്ന് തെളിയിക്കപ്പെട്ടതാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍.
കുത്തകകളെ പ്രീണിപ്പിച്ച് മുന്നോട്ടു പോകുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സ്വന്തം ഭൂമിയില്‍ സര്‍ക്കാരിന് ഉടമസ്ഥാവകാശമില്ല എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ വന്‍ അഴിമതിയും രാഷ്ട്രീയ ഗൂഢാലോചനയുമുണ്ടെന്നും  സുധീരന്‍ ആരോപിച്ചു. കൊവിഡിന്‍റെ മറവില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞ പദ്ധതികള്‍ നടത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബാലാവകാശ കമ്മീഷന്‍ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല വിമാനത്താവള പദ്ധതിയെ ജനങ്ങള്‍ വലിയ പ്രതീക്ഷേയാടെയാണ് നോക്കി കാണുന്നത്. പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിന് വിശ്വാസയോഗ്യമായവരെ കൊണ്ട് പാരിസ്ഥിതിക സാങ്കേതിക പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.  ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. നിയമനിര്‍മ്മാണത്തിലൂടെ  ഈ ഭൂമി ഏറ്റെടുക്കുന്നതിനു പകരം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പണം കെട്ടിവെച്ച് നീങ്ങുന്നത് വിചിത്രമാണ്. ഇത് സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാരിന് ഉടമസ്ഥാവകാശമില്ല എന്ന് സര്‍ക്കാര്‍ തന്നെ സ്ഥാപിച്ചെടുക്കുന്നതിന് തുല്യമാണ്. അഞ്ചരലക്ഷം ഏക്കര്‍ ഭൂമി അന്യാധീനപ്പെടുത്തുന്നതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഡാലോചനയും അഴിമതിയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡിന്‍റെ മറവില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞ പദ്ധതികള്‍ നടത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ആലപ്പുഴ ജില്ലയില്‍ കക്ഷി രാഷ്ട്രീയമന്യേ ജനങ്ങള്‍ തള്ളി കളഞ്ഞ കരിമണല്‍ ഖനനം പുതിയ രൂപത്തില്‍ നടപ്പിലാക്കുകയാണ്. ഇതിനെതിരേ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍ 1500 പൊലീസുകാരേ വിന്യസിച്ച സര്‍ക്കാര്‍ തന്നെയാണ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നത്. പഞ്ചായത്ത് സെക്രട്ടറിയില്‍ സമ്മര്‍ദ്ദം ചെലുത്തി പഞ്ചായത്ത് തീരുമാനം അട്ടിമറിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ബാലവകാശ കമ്മീഷനിലെ നിയമവിരുദ്ധമായ നിയമന നീക്കങ്ങളില്‍ തെറ്റ് തിരുത്തണം. വിവാദപരമായ തീരുമാനങ്ങില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ബാലവകാശ കമ്മിഷന്‍ രാഷ്ട്രിയവത്കരിക്കപ്പടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.