‘ലക്ഷദ്വീപിന്‍റെ സാംസ്കാരിക പൈതൃകം തകര്‍ക്കാനുള്ള ഗൂഢശ്രമം, പട്ടേലിനെ നീക്കണം’ ; രാഷ്ട്രപതിക്ക് കത്തയച്ച് കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Monday, May 24, 2021

ലക്ഷദ്വീപ് ജനതയുടെ സ്വൈര്യ ജീവിതത്തിനും ജീവനോപാധിക്കും വെല്ലുവിളിയാകുന്ന കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കേന്ദ്ര സര്‍ക്കാര്‍ നോമിനിയായി എത്തിയ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കത്തയച്ചു. സാംസ്കാരിക പൈതൃകത്തെ തച്ചുടച്ച് ഏക ശിലാത്മകമായ സാംസ്‌കാരിക അടിച്ചേൽപ്പിക്കൽ രാജ്യത്തിന്‍റെ പലഭാഗത്തും കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്‍റെ മറ്റൊരുദാഹരണമാണ് ലക്ഷദ്വീപെന്ന് കെ.സി വേണുഗോപാല്‍ എം.പി ചൂണ്ടിക്കാട്ടി. ഭക്ഷണത്തില്‍ പോലും കടന്നുകയറ്റം നടത്തുകയും മദ്യഉപയോഗം പ്രോത്സാഹിപ്പിക്കുകയും ജനതയുടെ ജീവനോപാധി നശിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ഏകാധിപതിയെ പോലെയാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ പ്രവര്‍ത്തിക്കുന്നത്. ലക്ഷദ്വീപിന്‍റെ സാംസ്‌കാരിക പൈതൃകത്തെ തകർത്തെറിയാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തുണ്ടാകുമെന്നും കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.

കെ.സി വേണുഗോപാല്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു, അവരുടെ സാംസ്കാരിക പൈതൃകം തച്ചുടച്ചു ഏക ശിലാത്മകമായ സാംസ്‌കാരിക അടിച്ചേൽപ്പിക്കൽ രാജ്യത്തിൻറെ പലഭാഗത്തും കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് ലക്ഷദ്വീപ്. തങ്ങൾക്കു സ്വാധീനമില്ലാത്ത പ്രദേശങ്ങളിൽ ഏകാധിപതികളെ നിയോഗിച്ചു അവരെ അപരവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതും. ദ്വീപ് ജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം സാംസ്കാരിക അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുകയും, നിലവിലെ അഡ്മിനിസ്ട്രേറ്ററെ തൽസ്ഥാനത്തു നീക്കുന്നതിന് വേണ്ടിയുമുള്ള ശ്രമങ്ങൾ ഉണ്ടാവണം. ഇക്കാര്യം ആവശ്യപ്പെട്ടു രാഷ്ട്രപതിക്ക് ഇന്ന് കത്തു നൽകിയിട്ടുണ്ട്.

ചരിത്രപരമായും, സാംസ്കാരിക പരമായും കേരളത്തോട് അങ്ങേയറ്റം ബന്ധം പുലർത്തുന്ന ലക്ഷദ്വീപിൽ നിന്ന് വരുന്ന വാർത്തകൾ ആശങ്കാജനകമാണ്. ഉപരിപഠനത്തിനും, തൊഴിൽ തേടിയും ദശാബ്ദങ്ങളായി കേരളത്തിലേക്ക് വരുന്ന വിദ്യാർത്ഥികളും, ഉദ്യോഗാർത്ഥികളും ഉൾപ്പെടെയുള്ളവർ തങ്ങളുടെ സാംസ്കാരിക പൈതൃകത്തെയും, ജീവിതോതോപാധിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണിപ്പോൾ. രാജ്യത്തിൻറെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തെ തകർത്തെറിയാൻ ലക്ഷ്യമിട്ടു സംഘ പരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ-ജനവിരുദ്ധ നയങ്ങളെ എതിർക്കേണ്ടത് അനിവാര്യതയാണ്.

കേന്ദ്ര സർക്കാർ നോമിനിയായി അഡ്മിനിസ്ട്രേറ്റർ പദവി ഏറ്റെടുത്തത് മുതൽ തികഞ്ഞ ഏകാധിപതിയെ പോലെ പെരുമാറുകയാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ ആയ പ്രഫുൽ പട്ടേൽ. ലക്ഷദ്വീപ് ജനതയുടെ തനതു സംസ്കാരത്തെയും പൈതൃകത്തെയും തച്ചുടക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ജനാധിപത്യ സംവിധാനത്തിലൂടെ നിലവിൽ വരുന്ന ജില്ലാ പഞ്ചായത്തുകളുടെ അധികാരങ്ങൾ കവർന്നെടുത്തും, സർക്കാർ സർവീസിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചു വിട്ടും ദ്വീപ് നിവാസികളുടെ അധികാരം കവർന്നെടുക്കാൻ കോപ്പു കൂട്ടുകയാണ്. തീര സംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധിയായ മൽസ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡുകൾ പൊളിച്ചു മാറ്റിയും, ടൂറിസം മറയാക്കി സാംസ്കാരിക കാരണങ്ങൾ കൊണ്ട് നിയന്ത്രണമുണ്ടായിരുന്ന മദ്യോപയോഗം പ്രോത്സാഹിപ്പിച്ചും, ഭക്ഷണ രീതികളിൽ നിയന്ത്രണം കൊണ്ട് വന്നും ലക്ഷദ്വീപിന്റെ സാംസ്‌കാരിക പൈതൃകത്തെ തകർത്തെറിയാനുള്ള ഗൂഢശ്രമമാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ദശാബ്ദങ്ങളായി ലക്ഷദ്വീപിലേക്കുള്ള പ്രധാന യാത്രാ മാർഗമായിരുന്നു ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിച്ചു മംഗലാപുരം വഴി ചരക്കു നീക്കം ആരംഭിക്കാൻ നിർബന്ധിക്കുകയും ചെയ്തിരിക്കുന്നു. കേരളവുമായുള്ള ചരിത്രപരവും സാംസ്കാരികപരവുമായ ബന്ധത്തിന് കത്തി വെക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. ഈ ജനവിരുദ്ധ ജനാധിപത്യ നടപടികൾക്കെതിരെ കോൺഗ്രസ്‌ പാർട്ടി ശക്തമായി തന്നെ രംഗത്തുണ്ടാവും.