സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് പതഞ്ജലി; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനി നല്‍കില്ലെന്ന് സത്യവാങ്മൂലം

Jaihind Webdesk
Thursday, March 21, 2024

 

ന്യൂഡല്‍ഹി: തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. ആധുനിക മരുന്നുകള്‍ക്കെതിരെയായിരുന്നു പതഞ്ജലിയുടെ പരസ്യം. ഖേദം പ്രകടിപ്പിച്ച് സുപ്രീം കോടതിയില്‍ പതഞ്ജലി സത്യവാങ്മൂലം നല്‍കി. അവകാശവാദങ്ങൾ ആശ്രദ്ധമായി ഉൾപ്പെട്ടതാണെന്ന് പതഞ്ജലി സത്യവാങ്മൂലത്തിൽ പറയുന്നു.  തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ഐഎംഎ നല്‍കിയ ഹർജി പരിഗണിക്കവെ രാ​ജ്യ​ത്തെ​യാ​കെ പ​റ​ഞ്ഞു പ​റ്റി​ക്കു​മ്പോ​ൾ കേ​ന്ദ്രം വി​ഷ​യ​ത്തി​ൽ ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പറഞ്ഞ് കോ​ട​തി കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

നേരത്തെ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ഏപ്രിൽ രണ്ടിന് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പതഞ്ജലിക്കെതിരെ കോടതിഅലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പു പറഞ്ഞ് കൊണ്ട് പതഞ്ജലി സത്യവാങ്മൂലം നൽകിയത്. നിയമവാഴ്ചയോട് തങ്ങൾക്ക് വലിയ ബഹുമാനമുണ്ട്. ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്നും ക്ഷമിക്കണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കമ്പനി പറഞ്ഞു.

ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുവരും നേരിട്ട് ഹാജരാകണമെന്ന് നിർദേശം നൽകിയത്. പതഞ്ജലി ആയുർവേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആണ് സുപ്രീം കോടതിയെ സമീപിച്ചത്.