ആറ് മാസത്തിലേറെയായി വിദേശത്തുള്ള യു.എ.ഇ നിവാസികള്‍ക്ക് സാധുവായ വിസയുണ്ടെങ്കില്‍ മാര്‍ച്ച് 31 നകം മടങ്ങാം

Jaihind News Bureau
Wednesday, January 6, 2021

ദുബായ് : ആറുമാസത്തിലേറെയായി രാജ്യത്തിന് പുറത്തുള്ള യു.എ.ഇ നിവാസികള്‍ക്ക് 2021 മാര്‍ച്ച് 31 നകം മടങ്ങാമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് ഭീഷണി മൂലം നാട്ടിലും മറ്റും കുടുങ്ങിയ ആയിരങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ പ്രഖ്യാപനം.

ആറ് മാസത്തിലധികം യു.എ.ഇയ്ക്ക് പുറത്തു നിന്ന എല്ലാ താമസ വിസക്കാരും സാധുവായ റസിഡന്‍റ് വിസയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് എന്ന ദുബായിലെ ജി.ഡി.ആര്‍.എഫ്.എയുടെ അംഗീകാരവും ഉറപ്പാക്കണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ഇപ്രകാരം യു.എ.ഇ റസിഡന്‍റ് വിസ കൈവശം വെക്കുകയും 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുകയും ചെയ്താല്‍ 2021 മാര്‍ച്ച് 31 വരെ യു.എ.ഇയില്‍ പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് എയര്‍ ഇന്ത്യയുടെ സന്ദേശത്തില്‍ പറയുന്നു.

അതേസമയം ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് (എ.ഐ.ഇ) ട്വിറ്റര്‍ അക്കൗണ്ടിലും ഇതുസംബന്ധിച്ച സന്ദേശം പോസ്റ്റ്‌ചെയ്തു. ഇതനുസരിച്ച് 180 ദിവസത്തിലധികം പുറത്ത് താമസിച്ച യാത്രക്കാര്‍ക്ക് ദുബായിലേക്ക് മാര്‍ച്ച് 31 നകം മടങ്ങാമെന്ന് പറയുന്നു. ഇതിനും സാധുവായ റസിഡന്‍റ് വിസയും ജി.ഡി.ആര്‍.എഫ്.എയുടെ അംഗീകാരവും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നിരവധി മാസങ്ങളായി സ്വന്തം രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി യു.എ.ഇ നിവാസികള്‍ക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസമാണ് നല്‍കുന്നത്.

https://twitter.com/FlyWithIX/status/1346436032225370112