കോട്ടയം: ഗുരുവായൂർ-മധുര എക്സ്പ്രസിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മധുര-ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിലാണ് സംഭവം. ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറാമത്തെ ബോഗിയിൽ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരനെയാണ് പാമ്പ് കടിച്ചത്. ഏറ്റുമാനൂർ സ്റ്റേഷനിൽ തീവണ്ടി നിർത്തി ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിലേക്ക് യുവാവിനെ മാറ്റിയത്. 10 മിനിറ്റോളം ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇതിനായി പിടിച്ചിട്ടിരുന്നു. തമിഴ്നാട് സ്വദേശിയായ യുവാവിനാണ് പാമ്പുകടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നുരാവിലെ 9.30 മണിയോടെയാണ് സംഭവം ഉണ്ടായത്. ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് ഏഴാം നമ്പർ ബോഗിയിൽ യാത്ര ചെയ്യുകയായിരുന്ന മധുര സ്വദേശിയായ കാർത്തിക്കിന് (21) പാമ്പു കടിയേറ്റതായി സംശയം തോന്നിയത്. പിന്നാലെ ഇയാളെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതിനുശേഷം ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി ബോഗി സീൽ ചെയ്തതിനുശേഷമാണ് യാത്ര തുടർന്നത്. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കാർത്തിക് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.