‘പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കും’;  ബോംബെറിഞ്ഞും വീടാക്രമിച്ചും സിപിഎം പകരം വീട്ടുന്നെന്ന് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Sunday, December 14, 2025

തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതിന് സിപിഎം ജനങ്ങളുടെമേല്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. തെരഞ്ഞെടുപ്പില്‍ ജനവിധി എതിരായിട്ടും സിപിഎമ്മുകാരുടെ അഹന്തയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് അരങ്ങേറിയത്. അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ പ്രതിമ തകര്‍ക്കുക, ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് ബോംബെറിയുക, വാളും വടിവാളുമേന്തി വീടുകള്‍ ആക്രമിക്കുക, ആളുകളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ നിരവധി ഫാസിസ്റ്റ് സംഭവങ്ങളാണ് പുറത്തുവന്നത്.

മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും നാട്ടില്‍ നടക്കുന്ന ഈ അക്രമങ്ങള്‍ക്ക് പാര്‍ട്ടിയുടെ ഒത്താശയുണ്ടെന്ന് ബലമായി സംശയിക്കുന്നു. അക്രമസംഭവങ്ങളിലെല്ലാം പോലീസ് തികച്ചും നിഷ്‌ക്രിയമായിരുന്നു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇതു തീക്കളിയാണ്. പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധിപ്രതിമയാണ് അടിച്ചു തകര്‍ത്തത്. ഗാന്ധിപ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ത്തു. ഗാന്ധി പ്രതിമയ്ക്കുനേരേ നടന്ന ഈ ആക്രമണം കേരളത്തിനു തന്നെ അപമാനമായി പയ്യന്നൂരില്‍ ഇതിനു മുമ്പും ഗാന്ധി പ്രതിമയുടെ തല വെട്ടിയ ചരിത്രം സിപിഎമ്മിനുണ്ട്. പയ്യന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തകര്‍ത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ സുരേഷിന്റെ വീടിന് ബോംബെറിഞ്ഞു.

പാനൂര്‍ നഗരസഭയിലെ പരാജയത്തെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിച്ചു. തലയില്‍ ചുവന്ന റിബണ്‍ കെട്ടി ബോംബും വടിവാളുമായി സിപിഎം ഗുണ്ടകള്‍ പ്രകടനം നടത്തുന്നത് ജനാധിപത്യ കേരളത്തെ ഞെട്ടിച്ചു. ഗുജറാത്തില്‍ ആര്‍എസ്എസുകാര്‍ ആക്രമിച്ചതിനു സമാനമായിട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. വീടുകളില്‍ അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറ, വടകര ഏറാമല, തുരുത്തിമുക്ക് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഇന്ദിരാഗാന്ധി പ്രതിമ ബോബെറിഞ്ഞ് തകര്‍ത്തു. കാസര്‍കോഡ് ബേഡകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അക്രമം തടയാനെത്തിയ പോലീസുകാരെയും ആക്രമിച്ചു. ബത്തേരിയില്‍ യുഡിഎഫ് ആഹ്ലാദപ്രകടനത്തിനു നേരെ കമ്പിവടികള്‍ ഉപയോഗിച്ച് ആക്രമിച്ചു. മലപ്പട്ടം, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലും നേരത്തെ സിപിഎം അക്രമം അഴിച്ചുവിട്ടിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.