സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പാതി ദൂരം പിന്നിട്ടിട്ടും പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറി ആരായിരിക്കുമെന്ന കാര്യത്തില്‍ ഉന്നത നേതൃത്വം ഇതുവരെ സമവായത്തിെലത്തിയില്ല. എംഎ ബേബിയുടെ പേരാണ് കൂടുതലായി പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള നേതാക്കള്‍ ഈ നീക്കത്തില്‍ ആശങ്ക പങ്കിടുന്നുണ്ട്.
മുന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടുള്ള സമീപനമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതെങ്കില്‍ ഇത്തവണ എല്ലാ ആകാംക്ഷയും പുതിയ ജനറല്‍ സെക്രട്ടറിയെ ചുറ്റിപ്പറ്റിയാണ്. മുതിര്‍ന്ന പിബി അംഗമായ ബിവി രാഘവുലുവാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്ന മറ്റൊരു പേര്. ഇന്ന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതും പിന്നീട് അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുന്നതും രാഘവുലു ആയിരിക്കും എന്നത് ശ്രദ്ധേയമാണ്. രണ്ട് റിപ്പോര്‍ട്ടുകളും പാര്‍ട്ടി സെക്രട്ടറിയാണ് സാധാരണ അവതരിപ്പിക്കാറുള്ളത്. ഇത്തവണ സെക്രട്ടറിയില്ലാത്തിനാല്‍ പ്രകാശ് കാരാട്ട് രാഷ്ട്രീയ അവലോകനം അവതരിപ്പിക്കുമ്പോള്‍ രാഘവുലു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും