പണി മുടക്കിലും മുടക്കമില്ലാതെ കണ്ണൂരിലെ സിപിഎം പാർടി കോൺഗ്രസ് വേദി നിർമാണം. കണ്ണൂർ നായനാർ അക്കാദമിയിലും ടൌൺ സ്‌ക്വയറിലുമാണ് നിർമാണം നടക്കുന്നത്. നൂറോളം തൊഴിലാളികളാണ് പണി മുടക്ക് ദിവസവും ഇവിടെ ജോലി ചെയ്യുന്നത്.
കണ്ണൂർ കലക്ട്രേറ്റ് ഉൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പണിമുടക്കിനെ തുടർന്ന് സ്തംഭിച്ചെങ്കിലും സി പി എം സമ്മേളന ഒരുക്കത്തെ പണിമുടക്ക് ബാധിച്ചില്ല. ഇടതുപക്ഷ സംഘടനകൾ ഉൾപ്പടെ ഒരു ഭാഗത്തു പണി മുടക്ക് നടത്തുകയും മറുഭാഗത്ത് സി പി എം സമ്മേളനത്തിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി തൊഴിലാളികൾ പണി എടുക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് കണ്ണൂർ നഗരത്തിൽ കാണാൻ കഴിയുന്നത്. സി പി എം പാർട്ടി കോൺഗ്രസിൻ്റെ പ്രധാന വേദിയായ നായനാർ അക്കാദമിയിലും, കണ്ണൂർ പോലീസ് മൈതാനിയിലും, ടൗൺ സ്ക്വയറിലുമാണ് പണിമുടക്ക് ദിവസം പാർട്ടി കോൺഗ്രസിന്‍റെ പ്രധാന വേദിയുടെ നിർമാണ പ്രവൃത്തി നടക്കുന്നത്.നൂറോളം തൊഴിലാളികളാണ് പണി മുടക്ക് ദിവസവും ഇവിടെ ജോലി ചെയ്യുന്നത്.
ചെന്നൈയിലുള്ള സ്വകാര്യ കമ്പനിക്കാണ് വേദിയുടെ നിർമാണ ചുമതല. പുറത്ത് നിന്നുള്ള ആളുകൾ അകത്ത് പ്രവേശിക്കാതിരിക്കാൻ പ്രവേശന കവാടം അടച്ചാണ് പണിമുടക്ക് ദിനത്തിലെ നിർമ്മാണ പ്രവൃത്തി. കണ്ണൂർ നഗരത്തിൽ എത്തുന്ന വാഹനങ്ങൾ തടയാനും, തുറന്ന് പ്രവർത്തിക്കുന്ന തൊഴിൽ സ്ഥാപനങ്ങൾ അടപ്പിക്കാനും സിഐടിയുവിൻ്റെയും, സി പി എമ്മിൻ്റെയും നേതാക്കൾ സജീവമായി കണ്ണൂർ നഗരത്തിലുണ്ട്. അവരൊക്കെ പാർട്ടി നേതൃത്വത്തിലുള്ള തൊഴിലാളികളുടെ നിർമ്മാണ പ്രവൃത്തി കണ്ടില്ലെന്ന് നടിക്കുകയാണ്. പണിമുടക്കിന് നേതൃത്വം നൽകുന്നവർ സ്വന്തം പാർട്ടിയുടെ സമ്മേളനത്തിന് പണിമുടക്ക് ദിവസം തൊഴിലാളികളെ കൊണ്ട് തൊഴിൽ എടുപ്പിക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ സി പി എം നേതാക്കളൊ, സി ഐ ടി യു നേതാക്കളൊ തയ്യാറായില്ല.