സ്വരാജിന്‍റെ തോല്‍വി : സിപിഎമ്മിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല ; പ്രാദേശിക നേതൃത്വത്തിന് വീഴ്ചയെന്ന് റിപ്പോർട്ട്

Jaihind Webdesk
Saturday, July 17, 2021

തൃപ്പൂണിത്തുറിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജ് തോറ്റത് പാർട്ടി പ്രാദേശിക നേതൃത്വത്തിന്‍റെ വീഴ്ച മൂലമെന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ഏരൂർ, തെക്കുംഭാഗം,ഉദയംപേരൂർ പഞ്ചായത്തുകളിൽ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായി. സിപിഎമ്മിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ക്ക് അപ്പുറത്ത് നിന്ന് സ്വരാജിന് വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ല. ഇതാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ.ജേക്കബ് എന്നിവരാണ് തോൽവിയെ കുറിച്ച് അന്വേഷിച്ചത്. തൃപ്പൂണിത്തുറയിലെ തോല്‍വി സിപിഎമ്മിന് ഏറെ ആഘാതമുണ്ടാക്കിയിരുന്നു. സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ മത്സരം നടന്നിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു തൃപ്പൂണിത്തുറ. മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർഥി മോഹമുണ്ടായിരുന്നെന്നും  ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും റിപ്പോർട്ടില്‍ പറയുന്നു.

കെ.ബാബുവിനോട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടത്. കൂടാതെ തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലെ തോല്‍വി പഠിക്കാനും അന്വേഷണ കമ്മീഷനെ സിപിഎം നിയോഗിച്ചിരുന്നു.അടുത്ത മാസം പകുതിയോടെ അന്വേഷണ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും കൈമാറും.