അമൃത് പദ്ധതി അഴിമതി : പങ്ക് വ്യക്തമായിട്ടും പ്രതികരിക്കാതെ എംഎൽഎ യും, പാർട്ടിയും

Jaihind Webdesk
Wednesday, July 10, 2019

അമൃത് പദ്ധതി അഴിമതിയിൽ എ.പ്രദീപ് കുമാർ എംഎൽഎയുടെ പങ്ക് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടും പ്രതികരിക്കാതെ എംഎൽഎയും  പാർട്ടിയും. പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി ഈ മാസം 15ന് കോഴിക്കോട് കോർപറേഷൻ ഓഫീസിലേക്ക് ഡിസിസി യുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടി കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

അമൃത് പദ്ധതി നടത്തിപ്പിലെ അഴിമതികളുടെ പുതിയ തെളിവുകൾ ഓരോന്നായി ദിവസവും പുറത്തുവരുമ്പോഴും സിപിഎമ്മും, കോഴിക്കോട് കോർപറേഷനും ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാകുന്നു. സിപിഎം എംഎൽഎ എ.പ്രദീപ് കുമാറിന് പദ്ധതി നടത്തിപ്പുകാരായ റാം ബയോളോജിക്കൽസുമായി അടുത്ത ബന്ധമുള്ളതിന്‍റെ തെളിവുകളാണ് അവസാനമായി പുറത്തുവന്നത്. ആരോപണ വിധേയമായ റാം ബയോളജിക്കൽസ് എംഡിയും  കുടുംബവും, എംഎൽഎയുടെ കുടുംബവുമൊത്ത് ഉല്ലാസ യാത്രക്ക് പോയതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്. ചിത്രങ്ങൾ പുറത്തുവന്നിട്ടും എംഎൽഎ മൗനം തുടരുന്നത് അപരാധിയുടെ കുറ്റസമ്മതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു..

എംഎൽഎയുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഈ രംഗത്ത് മുൻ പരിചയമില്ലാത്ത സ്ഥാപനത്തിന് 7 നഗരങ്ങളിലുൾപ്പടെ 27 പദ്ധതികളിൽ 23നും DPR തയ്യാറാക്കാൻ കരാർ ലഭിച്ചതെന്നതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. വീടുകളിൽ ഖരമാലിന്യ സംസ്‌ക്കകരണത്തിന് ചെറുകിട പദ്ധതികൾ തയ്യാറാക്കി മാത്രം പരിചയമുള്ള സ്ഥാപനമാണ് റാം ബയോളജിക്കൽസ്. DPR ഏജൻസിക്ക് പദ്ധതി പൂർത്തീകരിക്കുന്നതിന് മുമ്പുതന്നെ കമ്മീഷനായി മുഴുവൻ തുകയും നൽകിക്കഴിഞ്ഞു. കോഴിക്കോട് കോർപറേഷനിൽ നിന്ന് മാത്രം 56 ലക്ഷം രൂപ ഈ കമ്പനി കമ്മീഷനായി കൈപ്പറ്റിയിട്ടുണ്ട്. ഇതിനെല്ലാം ഒത്താശ നൽകിയത് എംഎൽഎ മുൻകൈ എടുത്താണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഈ ആരോപണവുമായി ബിജെപിയും രംഗത്തുണ്ട്. പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി വരുന്ന 15-ആം തീയതി കോൺഗ്രസ് കോർപറേഷൻ ഓഫീസ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.