‘വയനാടിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നു’; അനുശോചനമറിയിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ

Jaihind Webdesk
Friday, August 2, 2024

 

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിൽ അനുശോചനമറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രക്ഷാദൗത്യത്തിൽ പങ്കാളികളായവർക്കും ബൈഡന്‍ അഭിനന്ദനം അറിയിച്ചു. ഈ വിഷമഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം അമേരിക്കയുണ്ടാകും. അതിസങ്കീർണമായ രക്ഷാദൗത്യവുമായി മുന്നോട്ട് പോകുന്ന ഇന്ത്യൻ സർവീസ് അംഗങ്ങളുടെ ധീരതയെ അഭിനന്ദിക്കുന്നെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം വയനാട്ടില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടന്നോണ്ടിരിക്കുന്നു. സൈന്യം നിര്‍മിച്ച ബെയ്‍ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്. കൂടുതൽ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. ചൂരൽ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും. സൈന്യത്തിന്‍റെ എൻജിനിയറിംഗ് വിഭാ​ഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും. 10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.