എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം പ്രവചിച്ച് തത്ത; ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു, സംഭവം തമിഴ് നാട്ടില്‍

Jaihind Webdesk
Wednesday, April 10, 2024

തമിഴ്നാട്ടിലെ കടലൂരില്‍ അന്‍പുമണി രാംദോസിന്‍റെ പട്ടാളി മക്കള്‍ കച്ചി സ്ഥാനാര്‍ത്ഥിയുടെ വിജയം പ്രവചിച്ച രണ്ട് വഴിയോര ഭാവി പ്രവചനക്കാരെ പോലീസ് അറസ്റ്റുചെയ്തു. കടലൂരിലെ പി.എം.കെ. സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ തങ്കര്‍ ബച്ചന്‍റെ വിജയം പ്രവചിച്ചതിന് പിന്നാലെയാണ് സഹോദരങ്ങളെ അവരുടെ തത്തകളേയടക്കം അറസ്റ്റുചെയ്ത് പിന്നീട് വിട്ടയച്ചത്. തത്തകളെ അനധികൃതമായി കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിന്‍റെ നടപടി.

പ്രചാരണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പിലെ തന്‍റെ വിജയം പ്രവചിക്കാന്‍ തങ്കര്‍ ബച്ചന്‍ കൈനോട്ടക്കാരനെ സമീപിച്ചിരുന്നു. തുടര്‍ന്ന് തങ്ങളുടെ കൈവശമുള്ള നാല് തത്തകളിലൊന്നിനെക്കൊണ്ട് സഹോദരങ്ങളില്‍ ഒരാള്‍ ചീട്ട് എടുപ്പിച്ചു.  ഇതില്‍ വിജയം സൂചിപ്പിക്കുന്ന ചീട്ട് ലഭിച്ചതിന് പിന്നാലെ തങ്കര്‍ ബച്ചന്‍ തത്തയ്ക്ക് പഴം നല്‍കുന്നതടക്കമുള്ള വീഡിയോ പ്രചരിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം കൈനോട്ടക്കാരായ സഹോദരങ്ങളുടെ രണ്ടു കൂടുകളിലായുള്ള നാല് തത്തകളെ വനംവകുപ്പ് കണ്ടുകെട്ടി. സഹോദരങ്ങളെ പിന്നീട് താക്കീത് നല്‍കി വിട്ടയക്കുകയയും ചെയ്തു. ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് പി.എം.കെ. തമിഴ്നാട്ടില്‍ മത്സരിക്കുന്നത്. വനംവകുപ്പിന്‍റെ നടപടിയെ പി.എം.കെ. പ്രസിഡന്‍റ് അന്‍പുമണി രാംദോസ് വിമര്‍ശിച്ചു.