പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

Jaihind Webdesk
Wednesday, January 31, 2024

 

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. നാളെ രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഫെബ്രുവരി 9 വരെയാണ് ബജറ്റ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയ്ക്കും പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്പെൻഷനും കഴിഞ്ഞ സമ്മേളനം സാക്ഷിയായിരുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഉപേക്ഷിച്ചത് നിതീഷ് കുമാർ പോയത് മുന്നണിയെ യാതൊരുതരത്തിലും ബാധിച്ചിട്ടില്ല എന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

പൊതു തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ടിന് പകരമായി സാമ്പത്തിക അവലോകനമായിരിക്കും മേശപ്പുറത്ത് വെക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അതേസമയം കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതും ന്യായ് യാത്രയ്ക്ക് നേരെ അസമിലുണ്ടായ ആക്രമണവും പാർലമെന്‍റ് സമ്മേളനത്തിൽ ചർച്ചയായേക്കും. കഴിഞ്ഞദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ അടക്കം പ്രതിപക്ഷം ഇക്കാര്യം ഉയർത്തിയിരുന്നു.