ഫേസ്ബുക്കിനും ട്വിറ്ററിനും പാർലമെന്‍ററി സമിതിയുടെ സമന്‍സ് ; 21 ന് ഹാജരാകണം

Jaihind News Bureau
Monday, January 18, 2021

ന്യൂഡല്‍ഹി : ഫേസ്ബുക്കിനും ട്വിറ്ററിനും പാർലമെന്‍ററി സമിതിയുടെ സമൻസ്. സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 21 ന് സമതിക്ക് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം. വാട്ട്‌സ് ആപ്പിന്‍റെ സ്വകാര്യതാ നയത്തില്‍ അടുത്തിടെ കൊണ്ടുവന്ന മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് പാര്‍ലമെന്‍ററി കമ്മിറ്റി ഫേസ്ബുക്കിനെയും ട്വിറ്ററിനെയും വിളിച്ചുവരുത്തിയിരിക്കുന്നത്.

ശശി തരൂര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രതിനിധികളോട് ജനുവരി 21 ന് ഹാജരാകാനാണ് നിര്‍ദേശം. സ്വകാര്യ നയം, സുരക്ഷിതത്വം എന്നീ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയ പ്രതിനിധികളോട് വിശദീകരണം തേടും. ഇവരുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കും.

പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ദുരുപയോഗം തടയുന്നതിനുമായുള്ള കാഴ്ചപ്പാടുകള്‍ അറിയാന്‍ വേണ്ടിയാണ് ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളെ വിളിക്കുന്നത്. ഡിജിറ്റല്‍ ഇടങ്ങളിലെ സ്ത്രീ സുരക്ഷയെപ്പറ്റിയും ഇവരോട് ചോദിച്ചറിയുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.