
പാര്‍ലമെന്റ് ശീതകാല സമ്മേളനം വെട്ടിച്ചുരുക്കി. 15 ദിവസത്തേക്ക് മാത്രമായാണ് സമ്മേളനം വെട്ടിച്ചുരുക്കിയിരിക്കുന്നത്. സമ്മേളനം ഡിസംബര്‍ 1 മുതല്‍ 19 വരെ നടക്കും. അവധി ദിനങ്ങള്‍ ഒഴിവാക്കിയാല്‍ ആകെ 15 ദിവസം മാത്രമാണ് സഭ സമ്മേളിക്കുന്നത്. ഇത് കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സമ്മേളന ദൈര്‍ഘ്യമാണ്. സമ്മേളനത്തിന്റെ കാലാവധി വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം നടക്കുന്ന സമ്മേളനത്തില്‍ ഹരിയാന തിരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണം, വോട്ടര്‍ പട്ടിക പരിഷ്കരണം തുടങ്ങിയ നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. ഈ നിര്‍ണായക സമയത്ത് സഭയുടെ സമയം വെട്ടിക്കുറയ്ക്കുന്നത് ജനാധിപത്യപരമായ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം.
ഇന്ത്യന്‍ ഭരണഘടനയുടെ 130-ാം ഭേദഗതി ബില്‍, ജമ്മു കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്‍ തുടങ്ങിയ പ്രധാന ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മണ്‍സൂണ്‍ സെഷനില്‍, സഭാ സമ്മേളനത്തിനായി നിശ്ചയിച്ച സമയത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും പ്രതിപക്ഷ പ്രതിഷേധം കാരണം തടസ്സപ്പെട്ടിരുന്നു.