പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവച്ചു, ലോക്‌സഭ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള നടപടികള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതനായി.
ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (SIR) എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് നേരത്തേ പ്രതിഷേധ പ്രകടനം നടത്തി. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സുതാര്യത വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ പ്രതീകാത്മകമായി വോട്ടര്‍ പട്ടിക കീറിക്കളഞ്ഞു.
ഇന്ത്യയിലുടനീളമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍, എസ്.ടി വിഭാഗത്തിലുള്ള പ്രൊഫസര്‍മാര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന 83% തസ്തികകളും, ഒ.ബി.സി പ്രൊഫസര്‍മാര്‍ക്ക് 80% തസ്തികകളും, എസ്.സി പ്രൊഫസര്‍മാര്‍ക്ക് 64% തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹൂല്‍ ഗാന്ധി ആരോപിച്ചു. തന്റെ എക്‌സ് പോസ്റ്റില്‍ ഔദ്യോഗിക ഡാറ്റ യും അദ്ദേഹം നല്‍കിയിട്ടുണ്ട്. അതുപോലെ, എസ്.ടി വിഭാഗത്തിലുള്ള അസോസിയേറ്റ് പ്രൊഫസര്‍മാരുടെ 65% തസ്തികകളും, ഒ.ബി.സികള്‍ക്ക് 69% തസ്തികകളും, എസ്.സികള്‍ക്ക് 51% തസ്തികകളും നികത്തപ്പെടാതെ കിടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുകള്‍ തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശ നിഷേധം തെളിയിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു