പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രിയങ്കാ ഗാന്ധി എംപി. പ്രതിപക്ഷം ചര്‍ച്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
‘പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവാദമില്ല. ഞങ്ങള്‍ ചര്‍ച്ചകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്; അവര്‍ സമ്മതിക്കണം. കഴിഞ്ഞ സമ്മേളനത്തില്‍, ട്രഷറി ബെഞ്ചുകളില്‍ നിന്ന് തടസ്സങ്ങള്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. അവര്‍ ഒരു വിഷയം തിരഞ്ഞെടുക്കും, നമ്മള്‍ അതിനോട് പ്രതികരിക്കും, തുടര്‍ന്ന് ബഹളമുണ്ടാകുകയും സഭ പിരിച്ചുവിടുകയും ചെയ്യും. അത് അവര്‍ക്ക് അനുയോജ്യമാണ്,’ പ്രിയങ്കാ ഗാന്ധി പറഞ്ഞു.
അതേസമയം, ബിഹാര്‍ വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യാ മുന്നണിയിലെ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം നടത്തി. കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്കാ ഗാന്ധി, ഗൗരവ് ഗൊഗോയ്, സോണിയ ഗാന്ധി, പ്രമോദ് തിവാരി എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പരിഷ്‌കരണം ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് എംപിമാര്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ രാജ്യമെമ്പാടും നടപ്പിലാക്കാന്‍ സാധ്യതയുള്ള ഈ പ്രക്രിയയെക്കുറിച്ചുള്ള ആശങ്കകളും ഉന്നയിച്ചു.