‘ചര്‍ച്ച ആവശ്യപ്പെടുന്നത് നാടകം അല്ല, ജനാധിപത്യപ്രവര്‍ത്തനത്തിന്റെ ഭാഗം’: മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

Jaihind News Bureau
Monday, December 1, 2025

 

പാര്‍ലമെന്റില്‍ ‘നാടകം കളിക്കരുത്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എം പി രംഗത്ത്. സഭകളില്‍ പൊതുവിഷയങ്ങള്‍ ഉന്നയിക്കുന്നതും ചര്‍ച്ചചെയ്യുന്നതും നാടകമല്ലെന്നും, മറിച്ച് അത് ജനാധിപത്യപ്രവര്‍ത്തനത്തിന്റെ കാതലായ ഭാഗമാണ് എന്നും പ്രിയങ്ക വ്യക്തമാക്കി.

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. പ്രതിപക്ഷം അവരുടെ ചുമതല നിര്‍വഹിക്കണമെന്നും, ബിഹാര്‍ തിരഞ്ഞെടുപ്പിലെ പരാജയം ചില പാര്‍ട്ടികള്‍ക്ക് ഇപ്പോഴും ദഹിച്ചിട്ടില്ലെന്നും, അതിന്റെ അനന്തരഫലം പ്രകടിപ്പിക്കാനുള്ള വേദിയായി പാര്‍ലമെന്റ് മാറില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.

എന്നാല്‍ മോദിയുടെ പ്രസ്താവനയോട് പ്രിയങ്ക ഗാന്ധി ശക്തമായി വിയോജിച്ചു. ‘അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ രാജ്യത്തിനുണ്ട്. തിരഞ്ഞെടുപ്പ് സാഹചര്യം, എസ്.ഐ.ആര്‍, വായു മലിനീകരണം എന്നിവ വലിയ പ്രശ്‌നങ്ങളാണ്. നമുക്ക് അവ ചര്‍ച്ച ചെയ്യാം. ഇത് നാടകമല്ല. വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതും നാടകമല്ല. മറിച്ച്, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനാധിപത്യപരമായ ചര്‍ച്ച അനുവദിക്കാത്തതാണ് യഥാര്‍ത്ഥ നാടകം’- പ്രിയങ്ക ഗാന്ധി പറഞ്ഞു.

തിങ്കളാഴ്ച ആരംഭിച്ച് ഡിസംബര്‍ 19-ന് അവസാനിക്കുന്ന ശീതകാല സമ്മേളനത്തില്‍ 13 ബില്ലുകള്‍ അവതരിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതേസമയം, എസ്.ഐ.ആര്‍. വിഷയവും ഡല്‍ഹി സ്‌ഫോടനം പോലുള്ള ദേശീയ സുരക്ഷാ വിഷയങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് ‘ഇന്ത്യ’ സഖ്യം തീരുമാനിച്ചിരിക്കുന്നത്.