പെഗാസസ് : ഇരുസഭകളും പ്രക്ഷുബ്ദമായി ; ഐ.ടി മന്ത്രിയുടെ പ്രസ്താവന തട്ടിയെടുത്തു ; ഇന്നത്തേക്ക് സഭ പിരിഞ്ഞു

Jaihind Webdesk
Thursday, July 22, 2021

ന്യൂഡല്‍ഹി : പാര്‍ലമെന്‍റിന്‍റെ  ഇരു സഭകളും  മൂന്നാം ദിവസവും പ്രക്ഷുബ്ദം.പെഗാസസും കാർഷിക നിയമവും സഭയില്‍ ഉയർത്തിയ  പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം തടസ്സപ്പെട്ടു. വൈഷ്ണവിന്റെ കൈയിലിരുന്ന പ്രസംഗമെഴുതിയ കടലാസ് തൃണമൂല്‍ എംപി ശന്തനു സെന്‍ തട്ടിപ്പറിക്കുകയും സഭാ അധ്യക്ഷന്‍റെ നേര്‍ക്ക് എറിയുകയും ചെയ്തു.

പെഗാസസ് വിഷയത്തില്‍ എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളംവെച്ചതോടെ രണ്ടുതവണ ഇരു സഭകളും നിര്‍ത്തിവെച്ചു. ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്കിടെ സഭ നിര്‍ത്തിവെക്കേണ്ടിവന്നു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ വന്നതോടെയാണ് സ്പീക്കര്‍ ഓം ബിര്‍ള സഭ നിര്‍ത്തിവെച്ചത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ്, അകാലിദള്‍ എംപിമാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു. പെഗാസസ് വിഷയമുയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറുടെ പോഡിയത്തിന് സമീപം തടിച്ചുകൂടി പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രാഷ്ട്രീയ എതിരാളികളെയും പത്രപ്രവര്‍ത്തകരെയും വിമര്‍ശകരെയും രഹസ്യനിരീക്ഷണത്തിന് വിധേയമാക്കുന്നതിനെതിരേ തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ എംപിമാരും രംഗത്തെത്തി.