സ്വാതന്ത്ര്യദിനത്തില്‍ ആഘോഷങ്ങളില്ലാതെ പാർലമെന്‍റ് മന്ദിരം; വിമർശനവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Sunday, August 14, 2022

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ആഘോഷങ്ങളില്ലാതെ പാർലമെന്‍റ് മന്ദിരം. പ്രധാന വാർഷികങ്ങളിൽ സെൻട്രൽ ഹാളിൽ ആഘോഷം സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിൽ ഇക്കുറി പ്രത്യേക പരിപാടികളൊന്നുമില്ല. മുഴുവൻ ശ്രദ്ധയും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള മോദിയുടെ നീക്കമാണിതെന്ന് കോൺഗ്രസ് വിമർശിച്ചു.

1997-ൽ സ്വാതന്ത്ര്യത്തിന്‍റെ അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ പാർലെമെൻറിന്‍റെ സെൻട്രൽ ഹാളിൽ പാടാൻ എത്തിയിരുന്നു. അന്നത്തെ രാഷ്ട്രപതി കെ.ആർ നാരായണൻ, പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടികൾ. പാർലമെന്‍റിന് പുറത്തും വിപുലമായ പരിപാടികൾ നടന്നു. അറുപതാം വാർഷിക ദിനത്തിലും സെൻട്രൽ ഹാളിൽ വിപുലമായ ആഘോഷങ്ങളുണ്ടായിരുന്നു. അർധരാത്രി രാഷ്ട്രപതി പങ്കെടുത്ത പരിപാടിയാണ് മൻമോഹൻസിംഗ് സർക്കാർ സംഘടിപ്പിച്ചത്.

എന്നാൽ ഇക്കുറി അത്തരം പരിപാടികളൊന്നും പാർലമെൻറിൽ ഇല്ല. ഹർ ഘർ തിരംഗ അടക്കമുള്ള പരിപാടികൾ രാജ്യവ്യാപകമായി സംഘടിപ്പിക്കുമ്പോഴാണ് പാർലമെന്‍റ് നിശബ്ദമായി കിടക്കുന്നത്. ഇരുപത്തിയഞ്ച് മുതൽ അറുപതാം വാർഷികാഘോഷം വരെ പാർലമെന്‍റ് സെൻട്രൽ ഹാളിൽ നടന്നെന്നും എന്നാൽ ഇക്കുറി സർവവ്യാപി എല്ലാം തന്നിലേക്ക് ഒതുക്കിയെന്നും പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ് ട്വിറ്ററിൽ കുറിച്ചു.