Paris’s Louvre Museum| പാരീസ് ലൂവ്രെ മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; നെപ്പോളിയന്റെയും റാണിയുടേയും വിലമതിക്കാനാവാത്ത 9 ആഭരണങ്ങള്‍ മോഷ്ടിച്ചു, മ്യൂസിയം അടച്ചു

Jaihind News Bureau
Sunday, October 19, 2025

പാരീസ് ലോകപ്രശസ്തമായ പാരീസ് ലൂവ്രെ മ്യൂസിയത്തില്‍ ഞായറാഴ്ച പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. നെപ്പോളിയന്‍ കാലഘട്ടത്തിലെ അമൂല്യമായ ഒമ്പത് ആഭരണങ്ങളാണ് മോഷണം പോയത്. മരംമുറിക്കാന്‍ ഉപയോഗിക്കുന്ന ചെയിന്‍സോയുമായി എത്തിയ കവര്‍ച്ചക്കാര്‍ സെയിന്‍ നദിക്കരയോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്നാണ് മ്യൂസിയത്തില്‍ പ്രവേശിച്ചത്. സംഭവത്തെ തുടര്‍ന്ന് മ്യൂസിയം അടച്ചിട്ടു. വെറും നാലു മിനുട്ടു കൊണ്ടാണ് അമൂല്യമായ ആഭരണങ്ങള്‍ കവർന്ന് അക്രമികള്‍ രക്ഷപ്പെട്ടത്

ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ ദാതി സോഷ്യല്‍ മീഡിയയിലൂടെ മോഷണം സ്ഥിരീകരിക്കുകയും, ‘ആര്‍ക്കും പരിക്കുകളില്ല. മ്യൂസിയം ജീവനക്കാരോടും പോലീസിനോടും ഒപ്പം ഞാന്‍ സ്ഥലത്തുണ്ട്. അന്വേഷണം പുരോഗമിക്കുന്നു,’ എന്ന് അറിയിക്കുകയും ചെയ്തു.

മോഷണം നടന്ന രീതി:

പ്രാദേശിക മാധ്യമമായ ‘ലെ പാരിസിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, ഞായറാഴ്ച രാവിലെ 9:30 ഓടെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം മ്യൂസിയത്തിലേക്ക് അതിക്രമിച്ചു കയറിയത്. സെയിന്‍ നദിക്കരയോട് ചേര്‍ന്നുള്ള, നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് നിന്നാണ് ഇവര്‍ പ്രവേശിച്ചത്. സാധനങ്ങള്‍ കയറ്റാനും ഇറക്കാനുമുള്ള ലിഫ്റ്റ് ഉപയോഗിച്ച് കവര്‍ച്ചക്കാര്‍ അപ്പോളോ ഗാലറിയിലേക്ക് നേരിട്ട് പ്രവേശിച്ചു. പുരാതന ഫ്രഞ്ച് ക്രൗണ്‍ രത്‌നങ്ങളുടെ ശേഖരം പ്രദര്‍ശിപ്പിച്ചിരുന്ന ഈ ഗാലറിയാണ് മോഷ്ടാക്കള്‍ ലക്ഷ്യമിട്ടത്.

തുടര്‍ന്ന്, ഡിസ്‌പ്ലേ കേയ്‌സുകള്‍ തകര്‍ത്ത് നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനി ജോസഫൈന്റെയും ഉടമസ്ഥതയിലുണ്ടായിരുന്ന വിലമതിക്കാനാവാത്ത ഒമ്പത് ആഭരണങ്ങള്‍ ഇവര്‍ കൈക്കലാക്കുകയായിരുന്നു. മോഷണത്തിനായി കവര്‍ച്ചക്കാര്‍ ചെറിയ ചെയിന്‍സോകളും ആംഗിള്‍ ഗ്രൈന്‍ഡറുകളും ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെറും നാലു മിനിറ്റിനുള്ളില്‍ മോഷണം പൂര്‍ത്തിയാക്കിയ ശേഷം, മോഷ്ടാക്കള്‍ മോട്ടോര്‍ സ്‌കൂട്ടറുകളില്‍ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ ഒരു ആഭരണം പുറത്ത് വീണുപോയത് അധികൃതര്‍ കണ്ടെടുത്തു.

സംഭവസ്ഥലം പോലീസ് സീല്‍ ചെയ്യുകയും ഫോറന്‍സിക് സംഘം പരിശോധന നടത്തുകയും ചെയ്തു. മോഷണം സംഘടിതമായ കുറ്റകൃത്യമാണെന്ന് പോലീസ് സംശയിക്കുന്നു. ആഭരണങ്ങളുടെ ചരിത്രപരമായ മൂല്യം കണക്കിലെടുത്ത് സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.

ലൂവ്രെ മ്യൂസിയം:

മെസൊപ്പൊട്ടേമിയ, ഈജിപ്ത്, ക്ലാസിക്കല്‍ ലോകം മുതല്‍ യൂറോപ്യന്‍ മാസ്റ്റര്‍പീസുകള്‍ വരെ ഉള്‍പ്പെടെ 33,000-ത്തിലധികം കലാസൃഷ്ടികളുടെയും ശില്‍പങ്ങളുടെയും ചിത്രങ്ങളുടെയും ആസ്ഥാനമാണ് ലൂവ്രെ മ്യൂസിയം. മൊണാലിസ, വീനസ് ഡി മിലോ, വിംഗഡ് വിക്ടറി ഓഫ് സമോത്രേസ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. പ്രതിദിനം 30,000 സന്ദര്‍ശകരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ മ്യൂസിയം ലോകത്തിലെ ഏറ്റവും തിരക്കേറിയ മ്യൂസിയങ്ങളില്‍ ഒന്നാണ്.