ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായി മനു ഭാകർ; ഫൈനലിന് യോഗ്യത നേടി

Jaihind Webdesk
Saturday, July 27, 2024

പാരീസ്: ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായി മനു ഭാകർ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തോടെയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയിന്‍റുകളോടെയാണ് മനു ഭാകർ ഫൈനലിന് യോഗ്യത നേടിയത്. ഞായറാഴ്ചയാണ് ഫൈനല്‍. ഇതേ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ വനിതാ താരം റിഥം സങ്‌വാന് പക്ഷെ ഫൈനല്‍ യോഗ്യത നേടാനായില്ല. 573 പോയന്‍റുമായി 15-ാം സ്ഥാനത്താണ് റിഥം സങ്‌വാന്‍ ഫിനിഷ് ചെയ്തത്. 2022 ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് റിഥം.

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സരബ്‌ജ്യോത് സിംഗും നിരാശപ്പെടുത്തി. ഒമ്പതാം സ്ഥാനത്താണ് സരബ്‌ജ്യോത് സിംഗിന് ഫിനിഷ് ചെയ്യാനായത്. മറ്റൊരു ഇന്ത്യന്‍ താരം അര്‍ജുന്‍ സിംഗ് ചീമയ്ക്കും ഫൈനലിന് യോഗ്യത നേടാനായില്ല. 574 പോയന്‍റോടെ അര്‍ജുന്‍ 18-ാം സ്ഥാനത്തായി.