കാബൂൾ : അഫ്‌ഗാനിസ്ഥാന്‍ അതിർത്തിയില്‍ നിന്ന് തങ്ങളുടെ കുട്ടികളെയെങ്കിലും രക്ഷിക്കാന്‍ അമേരിക്കന്‍ സൈനികരുടെ കൈകളിലേക്ക് അതിർത്തിയിലെ കമ്പിവേലിക്ക് മുകളിലൂടെ രക്ഷിതാക്കള്‍ കുട്ടികളെ വലിച്ചെറിയുന്ന കാഴ്ച്ച ഹൃദയഭേദകമാകുന്നു. അഫ്ഗാനില്‍ നിന്ന് മടങ്ങുന്ന അമേരിക്കൻ സൈന്യത്തെയും അഫ്‌ഗാൻ ജനതയെയും തമ്മിൽ വേർതിരിക്കാൻ കാബൂൾ വിമാനത്താവളത്തിലുള്ള മുള്ളുവേലിക്ക് സമീപമാണ് ദാരുണമായ സംഭവങ്ങള്‍ അരങ്ങേറുന്നത്.
താലിബാന്‍റെ പിടിയിൽ നിന്നും എങ്ങനെയും രക്ഷപ്പെടാനുള്ള ശ്രമത്തിൽ അഫ്‌ഗാനികളുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി ഈ മുള്ളുവേലിയാണ്. തങ്ങളുടെ മക്കളെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിൽ കുഞ്ഞുങ്ങളെ അമ്മമാർ ഈ മുള്ളുവേലിക്ക് മുകളിലൂടെ അപ്പുറത്തേക്ക് എറിഞ്ഞശേഷം അമേരിക്കൻ സൈനികരോട് അവരെ കൂടെ കൊണ്ടു പോകാൻ അഭ്യർത്ഥിക്കുന്ന കാഴ്ചകൾ പതിവായിരുന്നെന്ന് അഫ്ഗാനിൽ നിന്ന് മടങ്ങിയെത്തിയ അമേരിക്കൻ സൈനികർ പറയുന്നു.
ഇത്തരത്തിൽ എറിയുമ്പോൾ കുഞ്ഞുങ്ങൾ ആ മുള്ളുവേലിയിൽ കുരുങ്ങി കിടക്കുമെന്നും ആ കാഴ്ച അത്യന്തം വേദനാജനകമാണെന്ന് ഒരു അമേരിക്കൻ സൈനിക ഓഫീസർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മിക്ക സൈനികരും ഇപ്പോഴും ആ കാഴ്ചകൾ മനസിൽ നിന്നും മായാതെ ഇരുന്ന് കരയുന്നത് കാണാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. അഫ്‌ഗാൻ ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ നേർക്കാഴ്ചയാണ് കാബൂൾ വിമാനത്താവളമെന്നും അവിടത്തെ കാഴ്ചകൾ അത്യന്തം ഹൃദയഭേദകമാണെന്നും മറ്റൊരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.