സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ; 713 സിമ്മുകള്‍ പിടിച്ചെടുത്തു ; പ്രത്യേക സംഘം അന്വേഷിക്കും

Jaihind Webdesk
Friday, July 2, 2021

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കോഴിക്കോട് ഡിസിപി. 713 സിമ്മുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഒരാള്‍ക്ക് ഇത്രയും സിമ്മുകള്‍ വാങ്ങാനാവില്ല. എങ്ങനെയാണ് ഇത്രയും സിം കാര്‍ഡുകള്‍ വാങ്ങിയതെന്ന് അന്വേഷിക്കുമെന്ന് ഡിസിപി പറഞ്ഞു.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. വിദേശത്ത് നിന്നുള്ള കോളുകളുടെ കൈമാറ്റമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വിദേശത്ത് നിന്ന് നെറ്റ് മുഖേനയുള്ള ഫോണ്‍വിളി കുറഞ്ഞ നിരക്കില്‍ നടത്താമെന്നതാണ് ഇതിന്റെ നേട്ടം. സിം കാര്‍ഡുകള്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ എന്ന് ഡിസിപി പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് നാലിടത്ത് നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. വെള്ളിപറമ്പ്, കൊളത്തറ, എലത്തൂര്‍, ചിന്താവളപ്പ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊളത്തറ സ്വദേശി ജുറൈസ്  അറസ്റ്റിലായി.