ശത്രുദോഷവും ശനിദോഷവും ഒഴിവാക്കാൻ മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ ഭക്തരുടെ പറ കൊട്ടിപ്പാട്ട്

Jaihind News Bureau
Tuesday, November 26, 2019

വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമായ ശബരിമലയിലെ ആചാരങ്ങളിൽ പ്രധാനമാണ് പറ കൊട്ടിപ്പാട്ട്. മണ്ഡല മകര വിളക്ക് തീർത്ഥാടന കാലം ആരംഭിച്ചതോടെ നിരവധി ഭക്തരാണ് മാളികപ്പുറത്ത് പറ കൊട്ടിപ്പാട്ടിനായി എത്തുന്നത്.

ശനിദോഷമകറ്റാൻ അയ്യപ്പന് നീലാഞ്ജനവും നീലപ്പട്ടും സമർപ്പിക്കുന്നതിന് പുറമെയാണ് മാളികപ്പുറത്ത് പറ കൊട്ടി പാട്ട് നടത്തുന്നത്. ശത്രുദോഷത്തിന് പരിഹാരമെന്ന രീതിയിലാണ് പറ കൊട്ടിപ്പാട്ട് പാടുന്നത്.

തുകൽ വാദ്യത്തിന്‍റെ താളത്തിൽ അയ്യപ്പനെ കേശാദി പാദം പാടി പുകഴ്ത്തുന്നതാണ് പറകൊട്ടി പാട്ടിലെ ഈരടികൾ.അയ്യപ്പന് പന്തളം കൊട്ടാരത്തിലെ ശത്രുദോഷം ഒഴിവാക്കാൻ വേലൻ വേഷത്തിലെത്തിയ ശിവപാർവതിമാർ പരിഹാരക്രിയയായി കേശാദി പാദം കഥ ചൊല്ലി പറ കൊട്ടിപ്പാടിയെന്നാണ് ഐതിഹ്യം. ശത്രുദോഷവും ശനിദോഷവും ഒഴിവാക്കാൻ പേരും നാളും പറഞ്ഞ് നിരവധി ഭക്തർ പറ കൊട്ടി പാടിക്കുന്നതിന് പിന്നിലുള്ളതും ഈ വിശ്വാസമാണ്.

പത്തനംതിട്ട ജില്ലയിലെ വേലൻ സമുദായത്തിലെ അംഗങ്ങളാണ് സന്നിധാനത്ത് പറ കൊട്ടി പാടുന്നത്. ആദ്യകാലത്ത് പതിനെട്ടാം പടിക്ക് താഴെയായിരുന്ന പറ കൊട്ടിപ്പാട്ട് പിന്നീട് തിരക്ക് വർധിച്ചതോടെ മാളികപുറത്തമ്മയുടെ സന്നിധിയിലേക്ക് മാറ്റുകയായിരുന്നു.

https://www.youtube.com/watch?v=YUT5fMn80LY