ആലപ്പുഴ ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍ എന്ന കൊമ്പനാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരണപ്പെട്ടു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ പാപ്പാന്‍ അടൂര്‍ തെങ്ങമം സ്വദേശി മുരളീധരന്‍ നായരാണ് (52) മരിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരളീധരന്‍ നായരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. ആന ഇടഞ്ഞതിനെ തുടര്‍ന്ന് തളക്കാന്‍ എത്തിയതായിരുന്നു മുരളീധരന്‍ നായര്‍. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല.
ആനയുടെ കുത്തേറ്റ രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (മണികണ്ഠന്‍ -40) ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ആനയുടെ ഒന്നാം പാപ്പാന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മദപ്പാടിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ സ്‌കന്ദനെ ആനത്തറയില്‍ തളച്ചിരിക്കുകയറിയിരുന്നു.