പന്തീരാങ്കാവ് പീഡനം: വധു പരാതിയിൽ നിന്ന് പിന്മാറി, രാഹുലിനെതിരായ ആരോപണങ്ങൾ കളവെന്ന് വെളിപ്പെടുത്തൽ

Jaihind Webdesk
Monday, June 10, 2024

 

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വധു പരാതിയിൽ നിന്ന് പിന്മാറി. ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി ക്ഷമാപണം നടത്തിക്കൊണ്ട് വീഡിയോ പങ്കുവച്ചത്. ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ യുവതി പറയുന്നത്.

അഭിഭാഷകൻ പറഞ്ഞത് അനുസരിച്ചാണ് 150 പവൻ സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് ആരോപണം ഉന്നയിച്ചത്. ‘സമ്മർദം കൊണ്ടാണ് രാഹുലിനെതിരെ മൊഴി നൽകിയതെന്നും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തതെന്നും അതില്‍ പശ്ചാത്തപിക്കുന്നുവെന്നും ഖേദിക്കുന്നുവെന്നും പെൺകുട്ടി വീഡിയോയില്‍ പറഞ്ഞു.

അതേസമയം, പെൺകുട്ടി ജോലി സ്ഥലത്താണെന്നും ഇന്നലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും കുടുംബം പറയുന്നു. ഓഫീസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് മകൾ ജൂൺ മൂന്ന് മുതൽ അവധിയിലാണെന്ന് മനസിലായതെന്നും പെൺകുട്ടിയുടെ അച്ഛൻ ഹരിദാസ്  പറഞ്ഞു.