PANTHEERANKAVU| പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ച കേസ്: പ്രതിയുടെ വീട്ടില്‍ നിന്നും 39 ലക്ഷം കണ്ടെടുത്തു; പണം കുഴിച്ചിട്ട നിലയില്‍

Jaihind News Bureau
Tuesday, July 15, 2025

കോഴിക്കോട് പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരനില്‍ നിന്നും തട്ടിയെടുത്ത നാല്‍പതു ലക്ഷം രൂപ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു. 39 ലക്ഷം രൂപയാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ വീട്ടില്‍ നിന്നും 500 മീറ്ററോളം ദൂരത്തില്‍ ആളൊഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ട നിലയില്‍ പണം കണ്ടെത്തിയത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. തുടര്‍ന്ന് പ്രതിയുമായി പന്തീരാങ്കാവ് പോലീസ് തെളിവെടുപ്പ് നടത്തി. ശേഷം പ്രതിയുടെ വീടിനോട് ചേര്‍ന്ന ആളൊഴിഞ്ഞ പറമ്പില്‍ പ്ലാസ്റ്റിക് കവറില്‍ ആക്കി കുഴിച്ചിട്ട നിലയില്‍ 39 ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു.

രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. വാടകയ്‌ക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്. അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണമടങ്ങിയ ബാഗ് പ്രതി തട്ടിപ്പറിച്ചത്. കൃത്യം നടക്കുമ്പോള്‍ ഇസാഫ് ബാങ്കിലെ ഏഴ് ജീവനക്കാര്‍ കൂടി സമീപത്തുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ ആണ് പ്രതിയെന്ന് കണ്ടെത്തിയത്.