പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പരാതിക്കാരി കൊച്ചിയില്‍ വിമാനമിറങ്ങി, കസ്റ്റഡിയിലെടുത്ത് പോലീസ്

Jaihind Webdesk
Friday, June 14, 2024

 

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് വടക്കേക്കര പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവതിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. മൊഴിമാറ്റി പറഞ്ഞ് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമം യുവതിയുടെ ഭാഗത്തുനിന്നുണ്ടായതോടെ അന്വേഷണ സംഘം മൂന്നായി തിരിഞ്ഞു. യുവതി വിമാനമിറങ്ങിയതോടെ ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാത്രി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാൻ താത്പര്യമില്ലെന്നും ഡൽഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു. മകളെ കാണാനില്ലെന്നു കാട്ടി യുവതിയുടെ പിതാവ് വടക്കേക്കര പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പോലീസിന്‍റെ അന്വേഷണത്തിൽ യുവതി ഡൽഹിയിലുണ്ടെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു.

ദിവസങ്ങൾക്കു മുമ്പ് മാല്യങ്കരയിലെ വീട്ടിൽനിന്ന്‌ തിരുവനന്തപുരത്തെ ജോലിസ്ഥലത്തുപോയ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചതും മകളെ കാണാനില്ലെന്ന്‌ പരാതി നൽകിയതും. ഇതിനിടെ താൻ പറഞ്ഞ പരാതി കള്ളമാണെന്നു കാട്ടി യുവതിയുടെ മൂന്ന് വീഡിയോകൾ പുറത്തുവന്നിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്നു പെൺകുട്ടിയുടെ വീട്ടുകാർ പ്രതികരിച്ചെങ്കിലും ഇത് നിഷേധിച്ച് മറ്റൊരു വീഡിയോ യുവതി പോസ്റ്റ് ചെയ്തു. മകൾ സ്വന്തമായി ഇത്തരത്തിൽ മാറ്റിപ്പറയുമെന്നു കരുതുന്നില്ലെന്നും പെൺകുട്ടി രാഹുലിന്‍റെ ആളുകളുടെ കസ്റ്റഡിയിലാണെന്നും അവർ നിർബന്ധിച്ചു പറയിപ്പിക്കുന്നതാണെന്നാണ് വിശ്വസിക്കുന്നതെന്നും യുവതിയുടെ പിതാവ് പറഞ്ഞു.