’14 വർഷത്തെ തടവല്ലേ, 39-ാം വയസില്‍ ഞാന്‍ പുറത്തിറങ്ങും’: കുറ്റബോധം തെല്ലുമില്ലാതെ പ്രതി; വിഷ്ണുപ്രിയയുടെ ജീവനെടുത്തത് അതിക്രൂരമായി

Jaihind Webdesk
Sunday, October 23, 2022

 

കണ്ണൂർ: പാനൂരിൽ പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയത് അഞ്ചാം പാതിര സിനിമ മോഡലില്‍. കൊലപാതകത്തിന് ഉപയോഗിച്ച് ആയുധങ്ങൾ കണ്ടെടുത്തു. ഗൂഗിള്‍ സെർച്ച് നടത്തിയാണ് പ്രതി ശ്യാംജിത്ത് കൊലപാതകം ആസൂത്രണം ചെയ്തത്. തെളിവ് നശിപ്പിക്കാനുള്ള പദ്ധതികളും നേരത്തെ ആസൂത്രണം ചെയ്തു. വിഷ്ണുപ്രിയയുടെ മൃതദേഹം സംസ്കരിച്ചു.

കുറ്റബോധം തെല്ലുമില്ലാതെയുള്ള പ്രതിയുടെ പ്രതികരണം ഏവരെയും ഞെട്ടിച്ചു. 14 വർഷത്തെ തടവിന് ശേഷം താന്‍ 39-ാം വയസില്‍ തിരിച്ചിറങ്ങും എന്നായിരുന്നു പ്രതി പറഞ്ഞത്. പാനൂർ വള്ള്യായിൽ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്തിന്‍റെ മാനന്തേരിയിലെ വീടിന് സമീപത്ത് നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. വയലിലെ കുഴിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ആയുധങ്ങൾ അടങ്ങിയ ബാഗ്. 2 കത്തികൾ, ഇടിക്കട്ട, ചുറ്റിക, സ്ക്രൂഡ്രൈവർ, ഗ്ലൗസുകൾ, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രം, തൊപ്പി, മുളക്പൊടി പാക്കറ്റ് എന്നിവ കണ്ടെടുത്തു. സംഭവ സ്ഥലത്ത് വിതറി അന്വേഷണം വഴി തെറ്റിക്കാൻ പ്രതി ബാബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടിയും കണ്ടെടുത്തു.

കത്തി ശ്യാംജിത്ത് സ്വന്തമായി ഉണ്ടാക്കിയതാണ്. കഴുത്തറുത്ത് കൊലപ്പെടുത്താനായി കട്ടറും കത്തിക്ക് മൂർച്ച കൂട്ടാനുള്ള യന്ത്രവും ഓൺലൈൻ ആയി വാങ്ങി. കൊല നടത്തായി പ്രതി എത്തിയ ബൈക്ക് പോലീസ് പരിശോധിച്ചു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച കയറിന്‍റെ ബാക്കി പ്രതിയുടെ വീട്ടിൽ നിന്ന് ലഭിച്ചു. കൊലപാതകത്തിന് ശേഷം ശ്യാംജിത്ത് അച്ഛൻ നടത്തുന്ന ഹോട്ടലിൽ എത്തി ഭക്ഷണം വിളമ്പിക്കൊടുത്തു. തെളിവെടുപ്പ് സമയത്തും കുറ്റബോധമില്ലാത്ത ഭാവത്തിലാണ് പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചത്. വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും വധിക്കാൻ പദ്ധയിട്ടതായി പോലീസ് കണ്ടെത്തി.
പൊന്നാനി സ്വദേശിയായ സുഹൃത്തിനെയാണ് വധിക്കാൻ തീരുമാനിച്ചത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തി ലായിരുന്നു എന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു.