പാനൂർ ബോംബ് നിർമാണം; സാധനങ്ങൾ സംഘടിപ്പിച്ചത് ഷിജാലും, ഷബിൻ ലാലും, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Jaihind Webdesk
Thursday, April 11, 2024

 

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോംബ് നിർമ്മിക്കാനുള്ള സാധനങ്ങൾ സംഘടിപ്പിച്ചത് ഷിജാലും, ഷബിൻ ലാലും. ബോംബ് നിര്‍മിക്കാനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയിൽ നിന്നാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

പ്രതികളായ ഷിജാല്‍, ഷബിൻ ലാല്‍ എന്നിവരാണ് കല്ലിക്കണ്ടിയിൽ നിന്ന് സ്റ്റീൽ ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ച സ്റ്റീൽ പാത്രം വാങ്ങിയതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കല്ലിക്കണ്ടിയിൽ നിന്നും പാനൂരിൽ നിന്നുമാണ് ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച മറ്റു സാമഗ്രികൾ സംഘടിപ്പിച്ചത്. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതികൾ ഇക്കാര്യം പറഞ്ഞത്. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് ഷിജാൽ. സ്ഫോടനത്തിന് ഉപയോഗിച്ച വെടിമരുന്ന് ഉൾപ്പടെ എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പാനൂർ മേഖലയിലെ കരിങ്കൽ ക്വാറികളിൽ നിന്നാവാം വെടിമരുന്ന് സംഘടിപ്പിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. കേസിൽ കൂടുതൽ പേർ പ്രതികളാവാൻ സാധ്യത ഉണ്ട്. പ്രതികളെ ഒളിപ്പിക്കാൻ സഹായിച്ചവർക്കെതിരെയും കേസ് എടുക്കും.