പാനൂർ സ്ഫോടനം; രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട്, സിപിഎമ്മിനെ പ്രതിരോധത്തിലാക്കി റിമാൻഡ് റിപ്പോർട്ട്‌

Jaihind Webdesk
Wednesday, April 10, 2024

കണ്ണൂര്‍: പാനൂർ സ്ഫോടനം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി റിമാൻഡ് റിപ്പോർട്ട്‌. ബോംബ് നിർമ്മിച്ചത് ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്‌. സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം.

പാനൂരിലെ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പരാമർശം.
ബോംബ് നിർമ്മിച്ചത് ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ പരാമർശം. ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു തെളിവ് നശിപ്പിച്ചു. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

അമൽ ബാബു ഡിവൈഎഫ്ഐ  മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. യൂണിറ്റിനെ അമൽ ബാബു നയിക്കുമെന്നു പറയുന്ന പോസ്റ്ററും റെഡ് വൊളന്‍റിയർ മാർച്ച് നയിക്കുന്ന വിഡിയോയും ബോംബ് സ്ഫോടനത്തെ തുടർന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. മറ്റൊരു പ്രതിയായ സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റിലെ ജോയിന്‍റ് സെക്രട്ടറിയാണ്. മറ്റൊരു പ്രതി ചെറുപറമ്പ് ചിറക്ക രാണ്ടിൽ സായൂജ് ഡിവൈഎഫ്‌ഐ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയാണ്. കേസിലെ 12 പ്രതികളും സിപിഎം പ്രവർത്തകർ എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യ ആസൂത്രകനായ ഷിജാൽ, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോകാൻ ഇവർക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് പോലീസിന്‍റെ നിഗമനം. ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചു നൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, പ്രതികളിൽ നിരവധി ക്രിമിനൽ കേസുകൾ ഉളളവർക്കെതിരെ കാപ്പ ചുമത്താന്‍ പോലീസ് ശുപാർശ നൽകിയേക്കും. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ആളെന്ന് എം.വി ഗോവിന്ദൻ ന്യായീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.