‘ഒ.ആർ. കേളുവിന് ദേവസ്വം വകുപ്പ് നിഷേധിച്ചത് അനീതി’; പ്രതിഷേധാർഹമെന്ന് പന്തളം സുധാകരന്‍

Jaihind Webdesk
Friday, June 21, 2024

 

തിരുവനന്തപുരം: കെ. രാധാകൃഷ്ണന്‍റെ ഒഴിവിൽ  മന്ത്രിയായ ഒ.ആർ. കേളുവിന്‍റെ വകുപ്പുകള്‍ വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍. കോൺഗ്രസിനു ശേഷം വയനാട്ടിൽ നിന്ന് പട്ടിക വർഗവിഭാഗത്തിലെ മന്ത്രിയെ നിയോഗിച്ചതിനെ അഭിനന്ദിക്കുന്നു. എന്നാല്‍ ആരെയോ പ്രീണിപ്പിക്കാൻ ദേവസ്വം വകുപ്പ് നിഷേധിച്ചുകൊണ്ടുള്ള സിപിഎം തീരുമാനം പട്ടികജാതി – പട്ടിക വർഗ ജനവിഭാഗങ്ങളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ. രാധാകൃഷ്ണൻ വഹിച്ചിരുന്ന ദേവസ്വം, പാർലമെന്‍ററി കാര്യം എന്നീ വകുപ്പുകൾ എടുത്തു മാറ്റി പട്ടിക ജാതി–പട്ടിക വർഗ വകുപ്പ് മാത്രം നൽകിയാണ് ഒ.ആർ. കേളുവിനെ മന്ത്രിയാക്കുന്നത്. ദേവസ്വം വി.എൻ. വാസവനും പാർലമെന്‍ററി കാര്യം എം.ബി.രാജേഷിനും അധികമായി നൽകി. ഇത് അനീതിയാണെന്നും പ്രതിഷേധാർഹമാണെന്നും പന്തളം സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പന്തളം സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

 

നിയുക്ത മന്ത്രി ഓ ആർ കേളുവിന് അഭിനന്ദനങ്ങൾ .
കോൺഗ്രസ്സിനു ശേഷം വയനാട്ടിൽനിന്നൊരു പട്ടിക വർഗ്ഗ മന്ത്രിയെ നിയോഗിച്ചതിനെ അഭിനന്ദിക്കുന്നു, പക്ഷേ വകുപ്പുകളുടെ ചിറകരിഞ്ഞ് ആരെയോപ്രീണിപ്പിക്കാൻ ദേവസ്വം വകുപ്പും നിഷേധിച്ചുകൊണ്ടുള്ള സിപിഎം തീരുമാനം പട്ടികജാതി /വർഗ്ഗ ജനവിഭാഗങ്ങളെ അപമാനിക്കുന്നതാണ്.
കേരളത്തിന്റ ചരിത്രത്തിലാദ്യമായി ഭരണഘടനാപരമായിതന്നെ അവകാശമുള്ള പട്ടികജാതി വിഭാഗത്തിനുള്ള മന്ത്രി സ്ഥാനം ഇല്ലാതാക്കിയിരിക്കുകയാണ് പിണറായി സർക്കാർ .
അതുകൊണ്ട് കേളുവിനൊപ്പം പട്ടികജാതി വിഭാഗത്തിനും
പ്രാതിനിധ്യം നൽകുകയാണ് വേണ്ടത്.
അല്ലാതെ അവരെ കുരങ്ങന് അപ്പം പങ്കുവെച്ചതുപോലെ കബളിപ്പിക്കുകയല്ല വേണ്ടത്.
ഈ അനിതിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.