സമരവീര്യവും സംഘാടക മികവും കൊണ്ട് പ്രവർത്തകരുടെ ഹൃദയത്തില്‍ ഇടംനേടിയ ടിഎച്ച്; ആദരാഞ്ജലികള്‍ അർപ്പിച്ച് പന്തളം സുധാകരന്‍

Jaihind Webdesk
Sunday, January 14, 2024

 

അന്തരിച്ച മുന്‍ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയ്ക്ക് ആദരാഞ്ജലികള്‍ നേർന്ന് മുന്‍ മന്ത്രി പന്തളം സുധാകരന്‍. സമരവീര്യവും സംഘാടക മികവും കൊണ്ട് കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നേതാവായിരുന്നു ടി.എച്ച്. മുസ്തഫയെന്ന് അദ്ദേഹം അനുസ്മരിച്ചു.

1978-ൽ കോൺഗ്രസിന്‍റെ തിരിച്ചുവരവിനു വഴിയൊരുക്കിയ നേതൃനിരയിലെ പ്രധാനിയായ ടി.എച്ച്. മുസ്തഫ, ഇന്ദിരാ ഗാന്ധിയുടെയും കെ. കരുണാകരന്‍റെയും ഏറ്റവും പ്രിയപ്പെട്ട വിശ്വസ്തനായിരുന്നു. മണിക്കൂറുകൾ നീണ്ട പ്രസംഗങ്ങളിലൂടെ ജനങ്ങളെ ആവേശംകൊള്ളിച്ച ടിഎച്ച് നിയമസഭയിലും ശ്രദ്ധേയനായി. ടിഎച്ചിനൊപ്പം കെപിസിസിയിലും നിയമസഭയിലും മന്ത്രിസഭയിലും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രത്യേക താൽപ്പര്യം കാണിച്ച ടിഎച്ചിനെ ഇന്നത്തെ മുതിർന്ന നേതാക്കൾക്ക് മറക്കാനാവില്ലെന്നും പന്തളം സുധാകരന്‍ പറഞ്ഞു.

തികഞ്ഞ മതേതരവിശ്വാസിയായ ടിഎച്ച് വിടപറയുമ്പോൾ പോരാട്ടവീര്യത്തിലൂടെ ഒരുതലമുറയെ ആവേശംകൊള്ളിച്ച കോൺഗ്രസ് നേതാവിനെയാണ് നഷ്ടമാകുന്നത്. ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായ പോരാട്ട പൊതുപ്രവർത്തനം നടത്തിയ പ്രിയപ്പെട്ട ടിഎച്ചിന് ആദരാഞ്ജലികള്‍ നേരുന്നതായും അദ്ദേഹം അനുശോചനസന്ദേശത്തില്‍ കുറിച്ചു.