‘കാനം കനലായ് കാലയവനികയ്ക്കുളളിലേക്ക്… പ്രിയ സഹോദരന് വിട’: പന്തളം സുധാകരന്‍, കുറിപ്പ്

Friday, December 8, 2023

 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍. സൗമ്യതയും കുലീനത്വവുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനമെന്നും പ്രിയ സഹോദരന് വേദനയോടെ വിട നല്‍കുന്നുവെന്നും അദ്ദേഹം കുറിച്ചു.

പന്തളം സുധാകരന്‍റെ അനുശോചനക്കുറിപ്പ്:

കാനം കനലായ് കാലയവനികക്കുള്ളിലേക്ക്,
പ്രിയ സഹോദരന് വേദനയോടെ വിട!🙏
സിപിഐ സംസ്ഥാന സെക്രട്ടറി കാനം നിര്യാതനായ വാർത്ത ഞങ്ങളിരുവരുടെയും പ്രിയ സുഹൃത്ത് ഷാജി വൈകുന്നേരം വിളിച്ചുപറഞ്ഞതു വിശ്വസിക്കാൻ പ്രയാസം തോന്നി. നാലുപതിറ്റാണ്ടിന്‍റെ സൗഹൃദം അങ്ങനെ മാഞ്ഞുപോകുന്ന ഒന്നായിരുന്നില്ല. 1982-ൽ നിയമസഭയിൽ ഒരുമിച്ചെത്തി. ഭരണ പ്രതിപക്ഷ ബഞ്ചുകളിലിരുന്ന് നേർക്കു നേർ പോരാട്ടം. പുറത്തും കുടുംബസദസുകളിലും സഹോദരതുല്യബന്ധം!
നിയമസഭയിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു കാനം
മറ്റൊരാൾ മുമ്പേ കടന്നുപോയ കൊടിയേരി.
പിന്നെ ഞങ്ങളുടെ കൂട്ടായ്മ…
സൗമ്യതയും കുലീനത്വവുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്ന കാനത്തിനെ കെ. കരുണാകരനും നായനാരും ഒരുപോലെ പ്രശംസിച്ചിരുന്നത് ഞങ്ങൾ കൗതുകത്തോടെ കണ്ടിരുന്നു.
കനലുപോലെ കാനം ഓർമ്മകളിൽ ജ്വലിക്കുന്നു… വാക്കുകൾക്കതീതം
പ്രിയ സുഹൃത്തേ, എന്‍റെയും കുടുംബത്തിന്‍റെയും കണ്ണീർ പ്രണാമം🙏