ചെയർപേഴ്സണും കൗൺസിലറും തമ്മില്‍ അസഭ്യവർഷം; ബിജെപിക്ക് നാണക്കേടായി പന്തളം നഗരസഭാ ഭരണം

Jaihind Webdesk
Wednesday, August 3, 2022

 

പത്തനംതിട്ട: ബിജെപിക്ക് നാണക്കേടായി പന്തളം നഗരസഭാ ഭരണം. നഗരസഭാ ചെയർപേഴ്സണും കൗൺസിലറും തമ്മിൽ നടന്ന അസഭ്യവർഷം സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നത് ബിജെപി നേതൃത്വത്തെയും പ്രതിരോധത്തിലാക്കി.

ശബരിമല സ്ത്രീ പ്രവേശന വിഷയം മുൻനിർത്തി നടന്ന സമര പരിപാടികളുടെ ശക്തികേന്ദ്രമായിരുന്ന പന്തളം നഗരസഭയിൽ ഭരണം പിടിക്കാൻ ബിജെപി ക്ക് സാധിച്ചത് ബിജെപിയുടെ പ്രവർത്തകരെ സംബന്ധിച്ച് അഭിമാനകരമായ നേട്ടം തന്നെ ആയിരുന്നു. എന്നാൽ ഭരണം ലഭിച്ച് ഏറെ വൈകാതെ തന്നെ ബിജെപി കൗൺസിലർമാർക്കിടയിൽ ചേരിപ്പോരും അസ്വാരസ്വങ്ങളും പരസ്യമായി. ബിജെപിയുടെ പ്രാദേശിക ജില്ലാ നേതൃത്വങ്ങളുടെ ഇടപെടലുകൾ കൊണ്ട് ഫലമില്ലാതായതോടെ സംസ്ഥാന നേതൃത്വവും വിഷയത്തിൽ ഇടപെട്ടു. അടുത്തിടെ സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാർ ഇരു വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇതുകൊണ്ടൊന്നും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്ന് ബോധ്യപ്പെടുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം നഗരസഭാ ചെയർപേഴ്സൺ സുശീലാ സന്തോഷും കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ കെ.ബി പ്രഭയും തമ്മിലുള്ള അസഭ്യവർഷം. സംഭാഷണത്തിന്റെ വീഡിയോ പകർത്തുന്നതിനെപ്പറ്റി നഗരസഭാ ചെയർപേഴ്സൺ ബോധവതി ആയിരുന്നില്ല.  സംഭവത്തില്‍ ബിജെപി പ്രവർത്തകർക്കിടയിൽ കടുത്ത അസംതൃപ്തിയാണ് നിലനില്‍ക്കുന്നത്.