പഞ്ചവടിപ്പാലമോ? പാലക്കാട് ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തൂക്കുപാലത്തിന്റെ കൈവരികള്‍ തകര്‍ന്നു വീണു; വന്‍ അഴിമതി ആരോപണം

Jaihind News Bureau
Tuesday, October 21, 2025

ആലത്തൂര്‍: തൃപ്പാളൂര്‍ ശിവക്ഷേത്രത്തിലേക്ക് ഗായത്രിപ്പുഴക്ക് കുറുകെ 5 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച തൂക്കുപാലത്തിന്റെ കൈവരികള്‍ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തകര്‍ന്നുവീണു. കെ.ഡി. പ്രസന്നന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച ഈ പാലം, ആലത്തൂര്‍ എം.പി. കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് തകര്‍ന്നു വീണത്.

പാലത്തിന്റെ കൈവരികളായി വെല്‍ഡ് ചെയ്ത് ഘടിപ്പിച്ച ഇരുമ്പ് കമ്പികളാണ് ഇളകി താഴെ വീണത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. പ്രശസ്തമായ ദീപാവലി വാവുത്സവത്തിനായി നിരവധി ഭക്തര്‍ ആശ്രയിക്കുന്നതാണ് തൃപ്പാളൂര്‍ ശിവക്ഷേത്രം. ക്ഷേത്രത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ വേണ്ടിയാണ് പാലം നിര്‍മ്മിച്ചത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞയുടന്‍ തകര്‍ന്ന പാലത്തിലൂടെ എങ്ങനെ ധൈര്യമായി പുഴ കടക്കുമെന്നാണ് പ്രദേശവാസികള്‍ ആശങ്കയോടെ ചോദിക്കുന്നത്.

തൂക്കുപാലത്തോടൊപ്പം ഓപ്പണ്‍ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകള്‍, കോഫി ഷോപ്പ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഈ 5 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. നിര്‍മ്മാണത്തില്‍ ഗുരുതരമായ അലംഭാവം കാണിച്ച ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ശക്തമായ നടപടി എടുക്കണമെന്നും പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.