ONAM 2025| തലസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് പള്ളിച്ചല്‍ ഫ്‌ലവര്‍ ഫാം

Jaihind News Bureau
Friday, August 29, 2025

തിരുവനന്തപുരം: ഓണത്തിരക്കിലായ തലസ്ഥാനനഗരിക്ക് വര്‍ണ്ണപ്പൊലിമയേകി പള്ളിച്ചല്‍ പഞ്ചായത്തിലെ ഫ്‌ലവര്‍ ഫാം ശ്രദ്ധേയമാകുന്നു. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ സംയുക്തമായി കൃഷി ചെയ്യുന്ന ഈ ഫാം ഓണാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ്.

ഏകദേശം 46 ഏക്കറിലുള്ള കൃഷിയുടെ ഒരു ഭാഗം മാത്രമാണ് പൂകൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടാണ് പ്രധാനമായും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജമന്തിപ്പൂക്കള്‍ ഇവിടെ കൃഷി ചെയ്യുന്നത്. പച്ചക്കറിക്കും പൂക്കള്‍ക്കും തമിഴ്നാടിനെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തില്‍, പള്ളിച്ചല്‍ പഞ്ചായത്തിന്റെ ഈ സംരംഭം ഏറെ പ്രശംസ അര്‍ഹിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി വിഷരഹിതമായ പച്ചക്കറികള്‍ക്കൊപ്പം ഓണവിപണിയിലും ഇവര്‍ ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്നും പൂക്കള്‍ കയറ്റി അയക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായ കൃഷിരീതികളാണ് ഇവിടെ പിന്തുടരുന്നത്. ഓണത്തോടനുബന്ധിച്ച് ഫാം സന്ദര്‍ശിക്കാനും പൂക്കള്‍ വാങ്ങാനും നിരവധി ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. ഈ സംരംഭം പ്രാദേശിക കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുകയും സ്വയംപര്യാപ്തതയുടെ മാതൃകയാവുകയും ചെയ്യുന്നു.