K.C VENUGOPAL| പാലിയേക്കര ടോള്‍ പിരിവ്: ‘ഹൈക്കോടതി വിധി സ്വാഗതാര്‍ഹം; വേണ്ടത് ശാശ്വത പരിഹാരം’-കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Wednesday, August 6, 2025

പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി പൂര്‍ണമായി സ്വാഗതാര്‍ഹമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. നാലാഴ്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന കോടതി നിര്‍ദേശം അടിയന്തരമായി പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്നും തത്കാലികമായല്ല, ശാശ്വതമായ പരിഹരമാണ് ഇവിടെയാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് ഞാന്‍ കത്തുകള്‍ അയച്ചിരുന്നു. ഒപ്പം ഒന്നിലധികം തവണ വിഷയം ലോക്‌സഭയില്‍ ഉന്നയിക്കുകയുമുണ്ടായി. എന്നാല്‍ അന്ന് ലഭിച്ച മറുപടികള്‍ തൃപ്തികരമായിരുന്നില്ല. ഒരുവശത്ത് നിര്‍ബന്ധിത ടോള്‍ പിരിവ് നടക്കുമ്പോള്‍, മറുവശത്ത് വന്‍ ഗതാഗതക്കുരുക്കുണ്ടാവുന്നത് പൊതുജനങ്ങളെ ചെറുതായൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയിരുന്നത്. അതിന് തെല്ലൊന്നുമല്ല ഹൈക്കോടതി വിധി ആശ്വാസമാകുന്നത്.
ജനങ്ങളുടെ തലയില്‍ പാതയുടെ തകര്‍ച്ചയും ഗതാഗതക്കുരുക്കും അടിച്ചേല്‍പ്പിക്കുന്ന ദേശീയപാതാ അതോറിറ്റിയുടെ നിലവിലെ രീതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഈ അവസ്ഥയുടെ പൂര്‍ണ ഉത്തരവാദികള്‍ ബന്ധപ്പെട്ട അധികൃതര്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഹൈക്കോടതി ഉത്തരവ് പൂര്‍ണമായി നടപ്പിലാക്കണം. ഇനിയെങ്കിലും ശാശ്വതമായ ഒരു പരിഹാരമാണ് വിഷയത്തില്‍ ആവശ്യം. അതുവരെ ടോള്‍ പിരിക്കാനും പാടുള്ളതല്ല. കോടതിവിധിക്ക് ആധാരമായ നിയമയുദ്ധം നയിച്ച കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലിയേക്കരയിലെ പ്രശ്നം മാത്രമായി ഇത് ഒതുങ്ങിപ്പോവാന്‍ പാടില്ല. അരൂര്‍, തുറവൂര്‍ എന്നിവിടങ്ങളിലും സമാനമായ ഗതാഗതക്കുരുക്ക് ജനങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ അരൂരിലും കുമ്പളത്തുമൊക്കെ ടോള്‍ പിരിവ് സുഗമമായി നടക്കുന്നുണ്ട്. പൊതുജനങ്ങളെ വഴിയില്‍ നിര്‍ത്തി അന്യായമായി ചുങ്കം പിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇതും ചോദ്യം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.