പാലത്തായി ബാലപീഡനക്കേസിലെ പ്രതി പത്മരാജനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു; തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി

Jaihind News Bureau
Thursday, April 16, 2020

പാനൂരിലെ പാലത്തായി സ്ക്കൂളിലെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പത്മരാജനെ റിമാൻഡ് ചെയ്ത് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ മണിക്കുറുകളോളം അന്വേഷണ സംഘം ചോദ്യം ചെയ്തു. എന്നാൽ പ്രതിയായ പത്മരാജൻ കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ബുധനാഴ്ച ഉച്ചയോടെയാണ് ബിജെപി പ്രാദേശിക നേതാവായ പത്മരാജനെ പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി ലഭിച്ച് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലിസിന് കഴിയാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് ഇടയിലാണ് പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്.