
തലശ്ശേരി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബി.ജെ.പി. നേതാവുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ. പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസില്‍ തലശ്ശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും. ബി.ജെ.പി. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പത്മരാജന്‍. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യു.പി. സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ പത്മരാജന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി 2020 മാര്‍ച്ച് 17-നാണ് ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്. കേസില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെ നിരവധി അന്വേഷണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.
ഒടുവില്‍ 2021-ല്‍ ഡി.വൈ.എസ്.പി. ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് പീഡനത്തിനിരയായതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പീഡനവിവരം പെണ്‍കുട്ടി സഹപാഠികളോട് വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നുമാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.
2024 ഫെബ്രുവരി 23-നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ച് ദിവസം കൊണ്ടാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകര്‍ എന്നിവരുള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരാക്കി. നീണ്ട വിചാരണകള്‍ക്കൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന നിര്‍ണായക വിധി പുറത്തുവന്നത്.